ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റ് നൽകാമെന്ന ബിജെപിയുടെ വാഗ്ദാനത്തിനു വഴങ്ങാതെ 6 സീറ്റ് നേടിയെടുക്കാനൊരുങ്ങി ബിഡിജെഎസ്. 8 സീറ്റ് ആണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകളിൽ 6 സീറ്റ് എന്ന ധാരണയിൽ എത്തിയതായി ബിഡിജെഎസ് വൃത്തങ്ങൾ പറഞ്ഞു.
ഇടുക്കിയിലോ ആറ്റിങ്ങലിലോ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം ബിഡിജെഎസിന്റെ പരിഗണനയിലുണ്ട്. ഏകപക്ഷീയമായി 4 സീറ്റ് നൽകി ഒതുക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ ബിഡിജെഎസ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കും . ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, തൃശൂർ, ആലത്തൂർ, മാവേലിക്കര, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ സീറ്റുകളിൽ ആറെണ്ണമാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. സംവരണ മണ്ഡലമായ മാവേലിക്കര ബിജെപി വിട്ടുനൽകാൻ തയാറായെങ്കിലും ആലത്തൂർ മതിയെന്നാണു ബിഡിജെഎസ് നിലപാട്. ഇതു ബിജെപി അംഗീകരിച്ചു.
30 നു ചേർത്തലയിൽ ചേരുന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ, ബൂത്ത് തലം മുതൽ ചർച്ചകളിലൂടെ വന്ന നിർദേശങ്ങൾ സമാഹരിച്ച് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കും. പാർട്ടി നേതാക്കന്മാർക്കു പുറമേ പൊതുസ്വീകാര്യതയുള്ള പ്രമുഖ വ്യക്തികളെയും പട്ടികയിൽ ഉൾപ്പെടുത്തും. ബിജെപി അംഗീകരിച്ചാലും ഇല്ലെങ്കിലും 6 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനാണു ബിഡിജെഎസിന്റെ തീരുമാനം.
∙ 'ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റു മാത്രമേ നൽകുള്ളൂ എന്നു ബിജെപി തീരുമാനിക്കുകയോ ഞങ്ങളെ അറിയിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര നേതൃത്വമാണ് ഞങ്ങൾക്ക് 6 സീറ്റ് നൽകാമെന്ന് ഉറപ്പു നൽകിയത്. അടുത്ത മാസം ആദ്യം ചേരുന്ന എൻഡിഎ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഞാൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയാണു തീരുമാനമെടുക്കേണ്ടത്.' - തുഷാർ വെള്ളാപ്പള്ളി, ബിഡിജെഎസ് അധ്യക്ഷൻ