തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന കേരളത്തിലെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനു മാത്രം 15,882 കോടി രൂപ വേണമെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി. സദാശിവം. ഇതിനുവേണ്ടി നിലവിലുള്ള വായ്പാപരിധി വർധിപ്പിക്കണമെന്ന കേരളത്തിന്റെ അഭ്യർഥനയ്ക്കു കേന്ദ്രസർക്കാരിന്റെ മറുപടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
∙ എല്ലാ ഗോത്രവർഗ കുടുംബത്തിലെയും ഒരാൾക്കു ജോലി. ഉറപ്പാക്കാൻ സ്പെഷൽ റിക്രൂട്മെന്റ്.
∙ ടൂറിസത്തിനൊപ്പം ഐടി മേഖലയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും.
∙ ദേവസ്വങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ ട്രൈബ്യൂണൽ.
∙ ഇടുക്കിയിൽ 780 മെഗാവാട്ട് ശേഷിയുള്ള പവർ സ്റ്റേഷൻ.
∙ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി തിരുവനന്തപുരം മുതൽ കാസർകോടു വരെ മൂന്നാമത്തേയും നാലാമത്തേയും ബ്രോഡ്ഗേജ് പാത. ഇതിൽ പ്രത്യേക എലിവേറ്റഡ് റയിൽവേ ലൈനുകൾ. ഇതോടെ തിരുവനന്തപുരം– കാസർകോട് യാത്രയ്ക്കു 4 മണിക്കൂറും തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒന്നര മണിക്കൂറും മതിയാകും.
∙ പ്രവാസികൾക്കു സ്ഥിരവരുമാനം ലഭിക്കാനായി പ്രവാസി ഡിവിഡന്റ് സ്കീം.
∙ എറണാകുളത്ത് കുട്ടികളുടെ മാതൃകാ കോടതി.
∙ വന്യജീവികളുടെ സ്വതന്ത്ര സഞ്ചാരത്തിനായി ‘ഗ്രേറ്റ് വൈൽഡ്‌ലൈഫ് കോറിഡോർ’.
∙ മലപ്പുലയൻ, അരനാടൻ, മലമ്പണ്ടാരം സമുദായങ്ങൾക്ക് പ്രത്യേക പാക്കേജ്.
∙ കെട്ടിടനിർമാണ പെർമിറ്റ് സുതാര്യമാക്കുന്നതിന് ഇന്റലിജന്റ് ബിൽഡിങ് പ്ലാൻസ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം.
∙ തീരദേശ ജില്ലകളിൽ വെതർ ഫോർകാസ്റ്റിങ് സിസ്റ്റം മാസ്റ്റർ കൺട്രോൾ റൂം.
∙ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സ്ഥാനനിർണയം നടത്തുന്നതിന് ബയോണിക് ഐഡന്റിറ്റി സംവിധാനം.
∙ തീരമേഖലയുടെ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കും.
∙ പെരിയാർ, ചാലക്കുടി നദീതീരങ്ങളിലും കുട്ടനാട്ടിലേക്ക് ഒഴുകുന്ന നദികളിലും റിയൽ ടൈം ഫ്ലഡ് വാണിങ് സംവിധാനം.
∙ എക്സൈസ് വകുപ്പിൽ സമ്പൂർണ കംപ്യൂട്ടർവൽകരണം.
∙ എല്ലാ സബ് റജിസ്ട്രാർ ഓഫിസിലും പോയിന്റ് ഓഫ് സെയിൽ മെഷീൻ.
∙ വിനോദസഞ്ചാരികളെ ലക്ഷദ്വീപ്, ആൻഡമാൻ, ദുബായ് എന്നിവിടങ്ങളിലേക്കു കൊണ്ടുപോകുന്നതിന് തീം വെസൽ നിർമിക്കും.
∙ പാലക്കാട്ട് ഗാന്ധി ദർശൻ ഇൻസ്റ്റിറ്റ്യൂട്ട്.
∙ 1950 മുതലുള്ള മന്ത്രിസഭാ യോഗങ്ങളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്യും.
∙ പ്ലമിങ്, ഇലക്ട്രിക്കൽ വർക്ക്, ഡ്രൈവിങ് മേഖലകളിൽ അരലക്ഷം വനിതകൾക്കു കുടുംബശ്രീ വഴി പരിശീലനം.
∙ കെട്ടിടങ്ങൾ നിർമിക്കുമ്പോഴും പൊളിച്ചുമാറ്റുമ്പോഴുമുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിന് കൺസ്ട്രക്‌ഷൻ ആൻഡ് ഡിമോളിഷൻ വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്.
∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി 100 സ്കൂളുകളിൽകൂടി.
∙ ഈ വർഷം എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു ലൈഫ്മിഷൻ ഫ്ലാറ്റിന്റെ നിർമാണം ആരംഭിക്കും.
∙ തിരുവനന്തപുരം മാതൃകയിൽ ഡിജിറ്റൽ ക്യൂ മാനേജ്മെന്റ് ആൻഡ് ഓൺലൈൻ ബുക്കിങ് ഓഫ് അപ്പോയിന്റ്മെന്റ് സിസ്റ്റം എല്ലാ മെഡിക്കൽ കോളജിലേക്കും.
∙ എല്ലാ ജില്ലകളിലും ഹൈപ്പർ ടെൻഷൻ മാനേജ്മെന്റ് ഇൻഷ്യേറ്റീവും സ്ട്രോക്ക് ക്ലിനിക്കും
∙ മലയാള സാഹിത്യ, പുരാരേഖാകേന്ദ്രവും മ്യൂസിയവും.
∙ കേരള സംഗീതനാടക അക്കാദമി സ്ഥിരം നാടകവേദി ആരംഭിക്കും.
∙ കുട്ടനാട്ടിലെ പഞ്ചായത്തുകളിൽ മോഡൽ എലിവേറ്റഡ് കന്നുകാലി ഷെൽട്ടർ.
∙ ഈവർഷം മുതൽ ലീഗ് അടിസ്ഥാനത്തിൽ വള്ളംകളി മത്സരം.
കേന്ദ്രത്തിനു രൂക്ഷ വിമർശനം
തിരുവനന്തപുരം ∙ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾക്കു ശിക്ഷ ഏറ്റുവാങ്ങേണ്ട സ്ഥിതിയാണെന്നു ഗവർണർ പറഞ്ഞു.
ഈ മേഖലകളിൽ സംസ്ഥാനം പുരോഗതി നേടുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തപ്പോൾ, കേന്ദ്രം ഈ മേഖലകൾക്കു സഹായം നൽകേണ്ടെന്നു തീരുമാനിച്ചു. അർഹമായ വിഹിതം നിഷേധിച്ചതിന്റെ മാനദണ്ഡം എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലാണു സംസ്ഥാനം. അനാരോഗ്യകരമായ കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ പൊതുവെയും സാമ്പത്തിക ബന്ധങ്ങൾ പ്രത്യേകിച്ചും ഉണ്ടാക്കിയ ദോഷഫലങ്ങൾ കാരണമുണ്ടായ അസന്തുലിതാവസ്ഥ ഇതിനകം കേരളം കൈവരിച്ച പുരോഗതിയെ ബാധിച്ചിട്ടുണ്ട്.
കേന്ദ്രത്തെയും സംസ്ഥാനത്തെയും പരിപോഷിപ്പിക്കുന്ന രീതിയിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ഉടച്ചു വാർക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്ന കേന്ദ്രവിരുദ്ധ പരാമർശങ്ങൾ വായിക്കാതെ ഒഴിവാക്കിയ ഗവർണർ ഇത്തവണ അതിനു തുനിഞ്ഞില്ലെന്നതു ശ്രദ്ധേയമായി.