പ്രതിപക്ഷത്തെ ‘പിടിച്ചിരുത്തി’ ഗവർണർ

തിരുവനന്തപുരം ∙ നയപ്രഖ്യാപനപ്രസംഗം തുടങ്ങുന്നതിനു മുൻപു പ്രളയബാധിതരോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷത്തെ ഒരു വാചകം കൊണ്ട് ഇരിപ്പിടത്തിലിരുത്തി ഗവർണർ പി.സദാശിവം. ബാനറുമായി എഴുന്നേറ്റ എംഎൽഎമാരോട് 'എന്റെ പ്രസംഗം ശ്രദ്ധിക്കൂ, എല്ലാ ഉത്തരവും അതിലുണ്ട്' എന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ഇതോടെ പ്രതിഷേധം തണുത്തു.

എന്നാൽ കൊല്ലം ബൈപ്പാസ്, കണ്ണൂർ വിമാനത്താവളം എന്നിവ സർക്കാരിന്റെ ഭരണനേട്ടമായി പരമാർശിച്ചപ്പോൾ ചെറിയ തോതിൽ പ്രതിഷേധ ശബ്ദമുയർന്നു. എന്നാൽ ഗവർണർ വഴങ്ങിയില്ല. ഒടുവിൽ 'വായനയുടെ വസന്തം' എന്ന പദ്ധതി പരാമർശിക്കവേ നാവു കുടുങ്ങിയപ്പോൾ പ്രതിപക്ഷ എംഎൽഎമാരാണ് തിരുത്തിയത്. ഉടൻ ഗവർണറുടെ കമന്റ് ഇങ്ങനെ ‘ശരി, ഇത്തവണ ​നിങ്ങളിൽ നിന്നു സ്വീകരിക്കാം’.