കൊച്ചി ∙ ഹൈക്കോടതിയിൽ പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽനിന്നു മറ്റൊരു ബെഞ്ച്കൂടി പിന്മാറി. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുടെ ബെഞ്ചാണ് ഇന്നലെ കാരണം വ്യക്തമാക്കാതെ കേസിൽനിന്നു പിന്മാറിയത്. ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിക്കും. പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഓർത്തഡോക്‌സ് വിഭാഗത്തിന്റെയും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെയും ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിലാണ് ഹർജികൾ ആദ്യമെത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്നു കേസിൽ കക്ഷി ചേരാനെത്തിയ ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചതോടെ 2018 ഡിസംബർ 11 ന് ഈ ബെഞ്ച് പിന്മാറി. തുടർന്നു ഹർജികൾ ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ബെഞ്ചിൽ വന്നു. ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്നു കക്ഷികൾ വ്യക്തമാക്കിയതോടെ ഡിസംബർ 21 ന് ഇൗ ബെഞ്ചും പിന്മാറി.തുടർന്നാണു ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹർജികൾ എത്തിയത്.