തിരുവനന്തപുരം∙ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആജീവനാന്തം പ്രതിമാസം 5,500 രൂപ വരെ കിട്ടുന്ന പ്രവാസി ലാഭവിഹിത പദ്ധതി ഉടൻ. അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയിലേക്കായിരിക്കും പണം നിക്ഷേപിക്കുക. ഇതിലൂടെ ഒരു വർഷത്തിനുള്ളിൽ 1,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി ക്ഷേമ ബോർഡ് ഇതു സംബന്ധിച്ച് വിശദമായ ശുപാർശ സർക്കാരിനു സമർപ്പിച്ചു.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിൽ പരാമർശിച്ചതിനാൽ ബജറ്റിനു മുൻപായി സർക്കാരിന്റെ അംഗീകാരം ലഭിച്ചേക്കും. 3 ലക്ഷം രൂപ മുതലുള്ള നിക്ഷേപമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി പ്രതിമാസ വിഹിതത്തിൽ മാറ്റം വരും. പ്രതിവർഷം 10% പലിശ നൽകാനാണ് ശുപാർശ നൽകിയിരിക്കുന്നത്. 3 വർഷത്തെ ഒരുമിച്ചുള്ള പലിശവളർച്ച നിരക്ക് കണക്കിലെടുത്താണ് ബാങ്ക് നിരക്കിനെക്കാൾ ഉയർന്ന ലാഭവിഹിതം ഉറപ്പാക്കുന്നത്. നിശ്ചിത തുക നിക്ഷേപിച്ചാൽ 3 വർഷത്തിനുശേഷം ഓരോ മാസവും ലാഭവിഹിതം ലഭിക്കും.
പ്രവാസികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും സർക്കാരിന്റെ വികസനപദ്ധതികളിൽ ഭാഗമാകാൻ അവസരം ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ മേന്മയായി പ്രവാസി ക്ഷേമ ബോർഡ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിനു പുറത്തുള്ളവർക്കു പുറമേ തിരിച്ചെത്തിയവർക്കും മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും ഇത് ലഭ്യമാകും. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3,400 രൂപ വരെ ലഭിക്കും. നിക്ഷേപകന്റെ മരണ ശേഷം ജീവിത പങ്കാളിക്ക് വിഹിതം തുടർന്നു ലഭിക്കും. അതുകഴിഞ്ഞാൽ നോമിനിക്കും ലഭിക്കും. 3 തലമുറ വരെ വിഹിതം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിനുള്ള സർക്കാർ വിഹിതം ബജറ്റിൽ നോർക്ക വകുപ്പിന്റെ പ്രവാസി ക്ഷേമത്തിനായുള്ള പദ്ധതിയായി ഉൾപ്പെടുത്തുമെന്നാണ് സൂചന.
കൃഷിക്ക് അവഗണന
തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന കൃഷിമേഖലയ്ക്കു ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതികൾ പേരിനു മാത്രം. പ്രളയത്തിൽ 45998.77 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 19,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതിനാൽ പുതിയ രക്ഷാപദ്ധതികൾ കർഷകർ പ്രതീക്ഷിച്ചിരുന്നു. പ്രളയത്തിൽ നഷ്ടപ്പെട്ട ജീവനോപാധികൾ വീണ്ടെടുക്കുന്നതിനു വിവിധ കാർഷിക പദ്ധതികളും അനുബന്ധ പദ്ധതികളും നടപ്പാക്കുമെന്ന വാഗ്ദാനം മാത്രമേ നയപ്രഖ്യാപനത്തിലുള്ളൂ.
കാർഷിക വികസന പരിപാടിയിലെ പോരായ്മകൾ പരിഹരിക്കാൻ പുനർജനി പദ്ധതി നടപ്പാക്കും. തെങ്ങുകൾ വീണ്ടും നട്ടുപിടിപ്പിക്കുന്നതിനു ഗുണമേന്മയുള്ള തൈകൾ വിതരണം ചെയ്യും. കർഷകർക്കു നൽകുന്ന തൈകൾ ഗുണമേന്മയുള്ളവയാണെന്ന് ഉറപ്പാക്കാൻ നഴ്സറി നിയമം കൊണ്ടുവരും. കന്നുകാലികൾ കൂടുതലുള്ള 25 പഞ്ചായത്തുകളിൽ രോഗനിർണയത്തിന് ആധുനിക സംവിധാനങ്ങളുള്ള 25 വെറ്ററിനറി ഡിസ്പെൻസറികൾ സ്ഥാപിക്കും. തിരഞ്ഞെടുത്ത മൃഗാശുപത്രികളെ വെറ്ററിനറി പോളിക്ലിനിക്കുകളാക്കും– നയപ്രഖ്യാപനത്തിൽ പറഞ്ഞു.