തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അർധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണർ ഓഫ‌് പൊലീസ്)യെ മണിക്കൂറുകൾക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെൽ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി.
ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോൾ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതൽ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടഞ്ഞു.
പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിർദേശ പ്രകാരം നേതാക്കൾ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പൊലീസിനു പിന്നീടു ലഭിച്ച വിവരം. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിച്ചു.
പോക്സോ കേസിൽ അറസ്റ്റിലായ 2 പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
റെയ്ഡ് തടയാനും ഡിസിപിയെ പിന്തിരിപ്പിക്കാനും കീഴുദ്യോഗസ്ഥരിൽ പലരും ശ്രമിച്ചെങ്കിലും ചൈത്ര നിലപാടിൽ ഉറച്ചുനിന്നു. അതോടെ ഗത്യന്തരമില്ലാതെ മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അടക്കം ഒപ്പം ചേർന്നു. അതിനിടെ റെയ്ഡിനെ കുറിച്ചു ചില ഉദ്യോഗസ്ഥർ നേതാക്കൾക്കു വിവരം ചോർത്തി നൽകിയെന്നും ഉന്നതർ സംശയിക്കുന്നു. സൈബർ സെൽ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.
ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.