കായൽപരപ്പുകൾ സുന്ദരമെന്ന് സിഎൻഎൻ ട്രാവൽ; ദക്ഷിണേഷ്യയില്‍നിന്ന് കേരളം മാത്രം

വാഷിങ്ടൻ∙ ഈ വർഷത്തെ അവധിക്കാലം ഹവായിയിലെയും കേരളത്തിലെയും അതിമനോഹര തീരങ്ങളിൽ ആഘോഷിക്കാമെന്നു ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ. പ്രകൃതിദുരന്തങ്ങളുൾപ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങൾക്കു മുൻഗണന നൽകിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയിൽനിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്.

കെട്ടുവള്ളങ്ങളിൽ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായൽപരപ്പുകളെന്ന് സിഎൻഎൻ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്കോട്‌ലൻഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്സിക്കോയിലെ വഹാക, യുഎസിലെ ഗ്രാൻഡ് കാന്യൻ, ന്യൂയോർക്ക് സിറ്റി, സ്പേസ് കോസ്റ്റ്, ബൾഗേറിയയിലെ പ്ലൊവ്‌ഡിവ്, ഫ്രാൻസിലെ  നോർമൻഡി തുടങ്ങിയ 19 ലോകപ്രശസ്ത സ്ഥലങ്ങൾക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്.