തിരുവനന്തപുരം∙ ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനു പത്മഭൂഷൺ നൽകിയതിനെതിരെ മുൻ ഡിജിപി ടി.പി. സെൻകുമാർ നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം. ശാസ്ത്രജ്ഞൻ എന്ന നിലയിൽ നമ്പി നാരായണൻ രാജ്യത്തിന് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും സുപ്രീം കോടതി സമിതി റിപ്പോർട്ട് വരുംവരെ കുറ്റവിമുക്തനല്ലെന്നുമാണ് സെൻകുമാർ വിമർശിച്ചത്. എന്നാൽ, സെൻകുമാറിന്റെ ആരോപണങ്ങൾ പരസ്പരവിരുദ്ധവും അബദ്ധവുമാണെന്ന് നമ്പി നാരായണൻ പ്രതികരിച്ചു. അദ്ദേഹം ആരുടെ ഏജന്റാണെന്ന് അറിയില്ലെന്നും നമ്പി നാരായണൻ പറഞ്ഞു.
രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതാണു കോൺഗ്രസ് പാരമ്പര്യമെന്നു കേരളത്തിലെത്തിയ പ്രധാനമന്ത്രി
നരേന്ദ്രമോദിയും ആരോപണമുന്നയിച്ചതോടെ വിഷയത്തിനു രാഷ്ട്രീയമാനവും കൈവന്നു.
അമൃതിൽ വിഷം വീണതു പോലെ: സെൻകുമാർ
അമൃതിൽ വിഷം വീണതു പോലെയാണ് നമ്പി നാരായണനു പത്മഭൂഷൺ നൽകാനുള്ള തീരുമാനം. രാജ്യത്തിന് ഒരു സംഭാവനയും അദ്ദേഹം നൽകിയിട്ടില്ല. സുപ്രീം കോടതി സമിതി റിപ്പോർട്ട് വരുംവരെ അദ്ദേഹം പൂർണ കുറ്റവിമുക്തനല്ല. ചാരക്കേസ് ശരിയായി അന്വേഷിച്ചില്ലെന്നു ബോധ്യമുണ്ട്. തെളിവുകൾ സുപ്രീം കോടതി സമിതിക്കു നൽകും. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്‍ലാമിനും പത്മ പുരസ്കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ട്.
സെൻകുമാർ ആരുടെ എജന്റ്: നമ്പി നാരായണൻ
സെൻകുമാറിന്റെ ആരോപണങ്ങൾ പരസ്പരവിരുദ്ധവും അബദ്ധവുമാണ്. അദ്ദേഹം ആരുടെ ഏജന്റാണെന്ന് അറിയില്ല. ചാരക്കേസ് അവസാനിച്ചതാണ്. ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാനാണു സമിതി; എന്നെപ്പറ്റി അന്വേഷിക്കാനല്ല. സെൻകുമാർ സുപ്രീം കോടതി വിധിയുടെ പേരിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എന്താണ് ഉദ്ദേശ്യമെന്നോ ആരാണു പിന്നിലെന്നോ അറിയില്ല. ഞാൻ കൊടുത്ത നഷ്ടപരിഹാരക്കേസിലെ പ്രതിയാണു സെൻകുമാർ.
രാജ്യസ്നേഹിയായ ശാസ്ത്രജ്ഞൻ: പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യസ്നേഹിയായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ ചാരക്കേസിൽ കുടുക്കിയതാണു കോൺഗ്രസ് പാരമ്പര്യം. അദ്ദേഹത്തെ പത്മ ബഹുമതി നൽകിയ ആദരിക്കാനുള്ള അവസരമുണ്ടായതു കേന്ദ്ര സർക്കാരിനാണ്. കഠിനാധ്വാനിയായ ഒരു ശാസ്ത്രജ്ഞനെ ഈ നാടിന്റെ താൽപര്യം അവഗണിച്ചു കരുവാക്കുകയാണു കോൺഗ്രസ് ചെയ്തത്. ശാസ്ത്രം കോൺഗ്രസിനു ചാരപ്പണിക്കുള്ളതാണ്; ഈ സർക്കാരിനാകട്ടെ നാടിന്റെ വികസനത്തിനുള്ളതും.
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ:
അവാർഡിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് അന്വേഷിക്കാതെ അവാർഡ് ലഭിച്ചയാളെ ആക്ഷേപിക്കുന്നത് മാന്യമായ ഇടപാടല്ല. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയെ അവാർഡിനായി പരിഗണിക്കുന്നത്. അവാർഡ് നൽകിയതിൽ എന്തു യുക്തിയാണുള്ളതെന്നു ചോദിക്കുന്നവരോട് അവാർഡ് നൽകിയവർക്ക് യുക്തിയുണ്ടെന്ന മറുപടിയാവും അഭികാമ്യം.
മന്ത്രി ഇ.പി.ജയരാജൻ:
മോഹിച്ച പുരസ്കാരം കിട്ടാത്തതിന്റെ പ്രശ്നമാണു സെൻകുമാറിന്. അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണു നമ്പി നാരായണനെതിരായ പരാമർശത്തിനു പിന്നിൽ. സെൻകുമാർ കേരളത്തിന്റെ ഡിജിപി ആയിരുന്നുവെന്നതിൽ ദുഃഖിക്കുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ:
സെൻകുമാർ നടത്തിയ പരാമർശം പരമ അബദ്ധം. പ്രതികരണം അർഹിക്കുന്നില്ല. രാഷ്ട്രപതി നൽകുന്ന പുരസ്കാരത്തെ ചോദ്യംചെയ്യേണ്ടതില്ല.
മന്ത്രി ജി.സുധാകരൻ:
സെൻകുമാർ നടത്തിയ പ്രസ്താവന ശുദ്ധവിവരക്കേടാണ്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി:
വിവാദങ്ങൾക്കില്ല. ഇതു നമ്പി നാരായണനു കേന്ദ്ര സർക്കാർ നൽകിയ അംഗീകാരമാണ്.
ജസ്റ്റിസ് ബി.കെമാൽപാഷ:
നമ്പി നാരായണനെതിരെ സെൻകുമാർ നടത്തിയ പരാമർശം അപക്വമാണ്. ചാരക്കേസിൽ നമ്പി നാരായണന്റെ എതിർകക്ഷിയാണു സെൻകുമാർ. പ്രായമായ ഒരാൾക്ക് അംഗീകാരം കിട്ടിയപ്പോൾ വിവാദമുണ്ടാക്കിയതു ശരിയല്ല.