തിരൂരങ്ങാടി (മലപ്പുറം) ∙ സമസ്‌ത ആരുടെയും വാലാട്ടിയല്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കുമെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചെമ്മാട്ട് എസ്‌കെഎസ്‌എസ്‌എഫ് മനുഷ്യജാലിക പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർക്കെതിരെയാണ് പരാമർശങ്ങളെന്നു വ്യക്തമാക്കിയില്ലെങ്കിലും, സമസ്തയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയ മന്ത്രി കെ.ടി.ജലീലിനുള്ള മറുപടിയാണ് ജിഫ്രി തങ്ങൾ നൽകിയതെന്നാണു സൂചന. മലപ്പുറത്ത് വനിതാമതിൽ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സമസ്ത – ലീഗ് ബന്ധത്തെപ്പറ്റിയുള്ള ജലീലിന്റെ വിമർശനം.
‘ഭരണകർത്താക്കൾ ബോധമില്ലാതെ പ്രവർത്തിച്ചാൽ അവരെ താഴെയിറക്കാൻ സമസ്‌തയ്ക്ക് കഴിയും. പല രാഷ്‌ട്രീയപാർട്ടികളുമായും സമസ്‌തയ്‌ക്ക് കൂട്ടുകെട്ടുകളുണ്ടാകും. ആവശ്യങ്ങൾക്കു വേണ്ടി പാർലമെന്റിൽ ശബ്‌ദിക്കാൻ പലരുമായും ബന്ധപ്പെടും. കോൺഗ്രസെന്നോ ലീഗെന്നോ വ്യത്യാസമില്ല. നമുക്കു വേണ്ടി ശബ്‌ദിക്കുന്നവരെയാണ് ആവശ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് അതിനായി വിനിയോഗിക്കണം’ – ജിഫ്രി തങ്ങൾ പറഞ്ഞു.
മുത്തലാഖ് ബിൽ പരിഗണിച്ചപ്പോൾ പി.കെ.കുഞ്ഞാലിക്കുട്ടി എംപി ലോക്‌സഭയിൽ ഇല്ലാതിരുന്നത് ‘വലിയ ഇഷ്യു’ ആക്കേണ്ട കാര്യമില്ല. പങ്കെടുക്കാൻ പറ്റാത്ത സമയവും ഉണ്ടായെന്നു വരാം. ‘ഇവർ നമുക്കു വേണ്ടി ശബ്‌ദിക്കുന്നവരാണ്’ എന്ന് വേദിയിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിയെ ചൂണ്ടിക്കാട്ടി തങ്ങൾ പറഞ്ഞു. വിമർശിക്കാനും ശാസിക്കാനുമുള്ള അധികാരം സമസ്‌തയ്ക്കുണ്ടെന്നും അതു തനിക്ക് കരുത്തേകിയിട്ടേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.