ഹരിപ്പാട് ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സവർണരുടെ വോട്ട് ലക്ഷ്യമിട്ടാണു നരേന്ദ്ര മോദി സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നാക്കക്കാരന്റെ വോട്ട് ഒന്നിച്ചു ലഭിക്കുമ്പോൾ പിന്നാക്കക്കാരന്റെ വോട്ട് ഭിന്നിപ്പിക്കലാണു ലക്ഷ്യം. സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം ജാതീയമായ ഭിന്നിപ്പിലേക്കാണു പോകുന്നത്. സവർണ–അവർണ ഭാരതം സൃഷ്ടിക്കാനേ ഇപ്പോഴത്തെ ഭേദഗതിയിലൂടെ കഴിയൂ. ഇതു ദേശീയ രാഷ്ട്രീയ കക്ഷികൾ തിരിച്ചറിയണം.
തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമ്പത്തിക സംവരണവുമായി എത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ട് ചോർച്ച കണ്ടു ഭയന്നിട്ടാണ്. തിരഞ്ഞെടുപ്പ് അടുത്തതിനാലാണു സാമ്പത്തിക സംവരണം എല്ലാ രാഷ്ട്രീയ കക്ഷികളും കയ്യടിച്ചു പാസാക്കിയതായും വെള്ളാപ്പള്ളി പറഞ്ഞു.