തിരുവനന്തപുരം∙ അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ നിയമസഭയിൽ പൊതുവികാരം. പ്രതിപക്ഷവും ഒപ്പം നിന്നാൽ ഒത്തുതീർപ്പുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്.
താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ 2015ൽ കൊണ്ടുവരാൻ ശ്രമിച്ച ഹർത്താൽ നിയന്ത്രണ ബിൽ വീണ്ടും സഭയിൽ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഭയ്ക്കു പുറത്തുള്ള ചർച്ചയിൽ അഭിപ്രായസഐക്യം ഉണ്ടാകുമോയെന്നു ആദ്യം നോക്കാമെന്നും അതിനു ശേഷം നിയമനിർമാണം പരിഗണിക്കാമെന്നും മുഖ്യമന്ത്രിയുടെ മറുപടി. അന്നത്തെ ബിൽ സിലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ ഹർത്താലുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് സർവകകക്ഷി യോഗം നടത്തണമെന്ന ആവശ്യം പി.കെ ബഷീർ ഉന്നയിച്ചത്. മുസ്‍ലിം ലീഗിന്റെയും പ്രതിപക്ഷത്തിന്റെ അഭിപ്രായം അതാണെങ്കിൽ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുരോഗതിയിൽ ഒരു പങ്കും വഹിക്കാത്ത ചില ശക്തികൾ കേരളത്തെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുകയാണ്. ഹർത്താലുകളെ അവസാന സമരമാർഗമെന്ന നിലയിൽ പാർട്ടികൾക്ക് ആകെ തള്ളിപ്പറയാനാകില്ല. എന്നാൽ അടിക്കടി ഹർത്താലുകൾ നടത്തി സംസ്ഥാനത്തിന് ദുഷ്പേര് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്– മുഖ്യമന്ത്രി പറഞ്ഞു.