തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ നവംബർ 15 വരെ പേരു ചേർക്കാനും വിലാസം മാറ്റാനും അപേക്ഷിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തിയും മാറ്റംവരുത്തിയുമുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ തങ്ങളുടെ പേരു ഉൾപ്പെട്ടിട്ടുണ്ടോയെന്നു വോട്ടർമാർക്കു പരിശോധിക്കാം. നാളെ മുതൽ പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനും വെബ്സൈറ്റിൽ സൗകര്യമൊരുക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്കു തലേന്നുവരെ പട്ടികയിൽ പേരു ചേർക്കാനാകും. വോട്ടെടുപ്പിനു മുൻപ് ഇവരുടെ പേരു കൂടി ഉൾപ്പെടുത്തി അനുബന്ധ വോട്ടർ പട്ടിക തയാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉൾപ്പെട്ടിട്ടുള്ളവർക്കാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാകുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അടുത്ത മാസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധി സംസ്ഥാനത്ത് എത്തും.
സംസ്ഥാനത്തു മാവോയിസ്റ്റ്, തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ എന്നിവയുടെ പ്രവർത്തന മേഖലകൾ കണ്ടെത്താൻ വിഡിയോ കോൺഫറൻസിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടു. 3 വർഷം ഒരേ സ്ഥലത്തു പ്രവർത്തിച്ച എസ്ഐ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അടുത്തമാസം പൂർത്തിയാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.