കേരള പുനർനിർമാണത്തിൽ സർക്കാർ പരാജയമെന്ന്; പ്രതിപക്ഷം സഭ വിട്ടു

Kerala-Legislative-Assembly
SHARE

തിരുവന്തപുരം∙പ്രളയാനന്തര കേരള പുനർനിർമാണത്തിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.പ്രതിപക്ഷ ആരോപണങ്ങൾ തളളിയ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇതു സംബന്ധിച്ച പരാതികൾ തുടർന്നും സ്വീകരിക്കുമെന്ന് അറിയിച്ചു. ഇന്നുവരെ പരാതി സ്വീകരിക്കാനാണു നേരത്തെ തീരുമാനിച്ചത് മന്ത്രിയുടെ വിശദീകരണത്തെത്തുടർന്നും ബാനറുകൾ ഉയർത്തിയും മറ്റും പ്രതിപക്ഷം പ്രതിഷേധിച്ചു.

നവകേരളം എങ്ങുമെത്തിയില്ലെന്ന കുറ്റബോധം കൊണ്ടാണോ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മിണ്ടാതിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതുവരെ എന്തു പുനർനിർമാണമാണു നടന്നതെന്നു അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച വി.ഡി.സതീശൻ ചോദിച്ചു. സർക്കാരിന്റെ മുൻഗണനാ ലിസ്റ്റിൽ പ്രളയമില്ല. പുനർനിർമാണം ചുവപ്പുനാടയിൽ കുടുങ്ങി. പൂർണമായും തകർന്നത് 16000 വീടുകളെന്നാണു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അറിയിച്ചതെങ്കിൽ ഇപ്പോൾ 13000 ആയി. വായ്പ ലഭ്യമാക്കുമെന്നു സർക്കാർ പറഞ്ഞെങ്കിലും ഒരു ബാങ്കും വായ്പ അനുവദിക്കുന്നില്ല.

പ്രളയ കാരണങ്ങളെക്കുറിച്ചു സർക്കാർ ഇതുവരെ പഠനത്തിനു തയാറായോയെന്നു സതീശൻ ചോദിച്ചു. 667543 പേർക്ക് അടിയന്തര സഹായമായ 10000 രൂപ വീതം നൽകിയതായി മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു. പൂർണമായും തകർന്ന 13362 വീടുകളിൽ 7428 പേർ സ്വന്തമായി വീട് നിർമിക്കാമെന്ന് അറിയിച്ചു. ഭാഗീകമായി വീടു തകർന്നവരെ നാലു വിഭാഗങ്ങളായാണു തിരിച്ചിട്ടുള്ളത്. ആദ്യ രണ്ടു വിഭാഗങ്ങൾക്കു സർക്കാർ ധനസഹായം പൂർണമായും നൽകി. ബാക്കി വിഭാഗങ്ങൾക്ക് ഒന്നാം ഗഡു നൽകി. 130606 പേർക്ക് ഇത്തരത്തിൽ സഹായം നൽകി. ഫെബ്രുവരി 15നുള്ളിൽ അടുത്ത ഗഡു ഉൾപ്പെടെ ധനസഹായം പൂർണമായും വിതരണം ചെയ്യും.

മത്സ്യത്തൊഴിലാളി മേഖലയിൽ 11.6 കോടി രൂപ അനുവദിച്ചു. 22.8 കോടി രൂപയുടെ നെൽവിത്ത് സൗജന്യമായി നൽകി. പച്ചക്കറി കർഷകർക്കായി 92 കോടിയുടെ സഹായം നൽകിയതായും മന്ത്രി അറിയിച്ചു. മനുഷ്യ നിർമിത ദുരന്തമെന്നു വിവിധ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും സർക്കാർ ഈ പ്രളയ ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിനു തയാറാകുന്നില്ലെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ സന്ദർശനം നടത്തിയപ്പോൾ ദയനീയ സ്ഥിതി നേരിട്ടു ബോധ്യപ്പെട്ടതാണ്. ചെറുകിട കച്ചവടക്കാരുടെ വ്യാപാര സാധനങ്ങൾ മുഴുവൻ നശിച്ചുപോയിട്ടും സഹായം ലഭ്യമായിട്ടില്ല. സിറ്റിങ് ജഡ്ജിയുടെ അന്വേഷണവും ട്രൈബ്യൂണലിന്റെ നിയമനവും നടത്തണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. എം.കെ മുനീർ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, ഒ.രാജഗോപാൽ എന്നിവരും പ്രതിഷേധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA