തിരുവനന്തപുരം ∙ നമ്പി നാരായണനെതിരായ വിമർശനത്തിന്റെ പേരിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ നടപടിക്കു പൊലീസ് പഴുതു തേടുന്നു. സെൻകുമാറിനെതിരെ കേസെടുക്കാനാകുമോയെന്നു പൊലീസ് നിയമോപദേശം തേടി. ഡിജിപിക്കു ലഭിച്ച പരാതി തുടർനടപടിക്കു സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയിരുന്നു. അദ്ദേഹമാണു നിയമോപദേശം തേടിയത്.
ചാരക്കേസിൽ നമ്പി നാരായണൻ കുറ്റവിമുക്തനല്ലെന്നും പത്മഭൂഷൺ ലഭിക്കാൻ മാത്രമുള്ള സംഭാവനയൊന്നും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ലെന്നുമായിരുന്നു സെൻകുമാറിന്റെ ആക്ഷേപം. ഇങ്ങനെയെങ്കിൽ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയടക്കമുള്ളവർക്കു പത്മ പുരസ്കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്മ പുരസ്കാരങ്ങളെ സെൻകുമാർ അപമാനിച്ചെന്നും സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ ആളെ കുറ്റവാളിയെന്നു വിളിക്കുന്നതു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കാണിച്ചു കോഴിക്കോട് സ്വദേശി നൗഷാദാണു പരാതി നൽകിയത്.