കാഞ്ഞങ്ങാട് ∙ വിഷം പൊള്ളിച്ച മണ്ണിൽ നിന്നു മക്കളെയും നെഞ്ചോടുചേർത്ത് അമ്മമാർ വീണ്ടും വണ്ടികയറി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഇന്നു തുടങ്ങുന്ന അനിശ്ചിതകാല പട്ടിണിസമരത്തിൽ പങ്കെടുക്കാനാണ് ഈ യാത്ര. സാമൂഹിക പ്രവർത്തക ദയാബായിയും അവർക്കൊപ്പമുണ്ട്.
അർഹരായവരെ മുഴുവൻ എൻഡോസൾഫാൻ ദുരിതാശ്വാസ പട്ടികയിൽപെടുത്തുക, സുപ്രീം കോടതി വിധി നടപ്പാക്കുക, ദുരിതബാധിതർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങൾ എഴുതിത്തള്ളുക, ട്രൈബ്യൂണൽ സ്ഥാപിക്കുക, ബഡ്സ് സ്കൂളുകൾക്കു മെച്ചപ്പെട്ട സാഹചര്യമൊരുക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അമ്മമാരുടെ സമരം. സെക്രട്ടേറിയറ്റിനു മുൻപിൽ അമ്മമാരുടെ പട്ടിണിസമരം ഒത്തുതീർപ്പാക്കുന്നതുവരെ കാസർകോടും സത്യഗ്രഹം നടത്തും.
2016ലാണു സെക്രട്ടേറിയറ്റ് പടിക്കൽ എൻഡോസൾഫാൻ ഇരകളുടെ അമ്മമാരുടെ ആദ്യത്തെ പട്ടിണിസമരം നടന്നത്. 9 ദിവസമായിരുന്നു അന്നത്തെ സമരം. 2018 ജനുവരി 30ന് ഒറ്റദിവസത്തെ പട്ടിണിസമരം നടത്തി. പിന്നീടു ഡിസംബർ 10നു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റ് മാർച്ചും നടത്തി. എന്നിട്ടും ആവശ്യങ്ങൾ പൂർണമായി നടപ്പാക്കാൻ അധികൃതർ തയാറാവാത്ത സാഹചര്യത്തിലാണു പട്ടിണിസമരവുമായി അമ്മമാർ ഒരിക്കൽക്കൂടി വണ്ടികയറുന്നത്.