മുനീറിന്റെ പരാമർശം നീക്കി; പ്രതിപക്ഷം പ്രതിഷേധിച്ചു

തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വനിതാമതിലിനെ വർഗീയ മതിലെന്നു വിശേഷിപ്പിച്ച എം.കെ.മുനീറിന്റെ പരാമർശം സഭാ രേഖകളിൽ നിന്നു നീക്കം ചെയ്തതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുനീറും സ്പീക്കറെ നേരിൽ കണ്ടു പ്രതിഷേധമറിയിച്ചു. അതേദിവസം മുഖ്യമന്ത്രിയും ഭരണപക്ഷ എംഎൽഎമാരും ഈ വാക്ക് ആവർത്തിച്ചിരുന്നെങ്കിലും അവ രേഖകളിൽ നിന്നു നീക്കം ചെയ്തിട്ടില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നടപടിയെ ന്യായീകരിച്ച എം. സ്വരാജിനു ഫാഷിസമെന്ന രോഗത്തിന്റെ ലക്ഷണം പിടിപെട്ടതായി മുനീർ തുറന്നടിച്ചു.

ഡിസംബർ 13നു മുനീറിന്റെ പരാമർശത്തെച്ചൊല്ലിയുള്ള ഭരണപക്ഷ പ്രതിഷേധം ഒടുവിൽ കയ്യാങ്കളി വരെയെത്തിയിരുന്നു. ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിൽ സഭ പിരിയുക എന്ന അത്യപൂർവതയ്ക്കു കൂടി അന്നു സഭ സാക്ഷ്യം വഹിച്ചു. വർഗീയ മതിൽ എന്ന വാക്ക് പിൻവലിക്കാതെ മുനീറിനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഭരണപക്ഷം ഒന്നടങ്കം മുദ്രാവാക്യം വിളിച്ചു നിലയുറപ്പിച്ചതോടെ സഭ അര മണിക്കൂർ നിർത്തിവച്ചു. സഭ വീണ്ടും ചേർന്നപ്പോഴും മുനീറിന്റെ പ്രസംഗം തടസപ്പെടുത്തിയതോടെ സ്പീക്കർ സമ്മേളനം പിരിച്ചുവിട്ടു. തുടർന്നു പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളിച്ച് പുറത്തേക്കു നീങ്ങുമ്പോഴാണ് ഇരുപക്ഷവും നേർക്കുനേർ പാഞ്ഞടുത്തത്. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് അന്നു സ്ഥിതി ശാന്തമാക്കിയത്.