ജോസഫിന്റെ പ്രാർഥനാ യജ്ഞത്തിൽ പി.സി.ജോർജും

തിരുവനന്തപുരം ∙ കേരള കോൺഗ്രസി(എം)ലെ രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടെ പി.ജെ.ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, കേരള കോൺഗ്രസിനെയും കെ.എം.മാണിയെയും ശക്തമായി വിമർശിക്കുന്ന പി.സി.ജോർജ് എംഎൽഎ പങ്കെടുത്തതു ശ്രദ്ധേയമായി. ജോസഫ്  ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്റർ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു  നടത്തിയ സർവമത പ്രാർഥനാ യജ്ഞത്തിലാണു ഇരുവരും വേദി പങ്കിട്ടത്. മാണി പരിപാടിയിൽ പങ്കെടുത്തില്ലെന്നതും രാഷ്ട്രീയ സൂചനകൾ നൽകുന്നതായി വ്യാഖ്യാനം ഉണ്ടായി. എന്നാൽ, മാണി പക്ഷത്തു നിന്നു സി.എഫ്.തോമസ്, എൻ.ജയരാജ് എന്നിവർ പങ്കെടുത്തു. മോൻസ് ജോസഫിനെ കൂടി ചേർത്തു 4 കേരള കോൺഗ്രസ്(എം) എംഎൽഎമാരാണു പ്രാർഥനാ യജ്ഞത്തിനെത്തിയത്. മാണിപക്ഷത്തുനിന്നു തോമസ് ഉണ്ണിയാടനും കോൺഗ്രസിൽ നിന്നു സണ്ണി ജോസഫ് എംഎൽഎയും എത്തി.

ജോസഫ് സംഘടിപ്പിച്ച പ്രാർഥനായജ്ഞം ബാർകോഴ ഉൾപ്പടെ എല്ലാ അഴിമതിക്കുമെതിരായ യജ്ഞമാണെന്നു പി.സി.ജോർജ് പറഞ്ഞു. കോഴയ്ക്കെതിരായ യജ്ഞത്തിൽ കെ.എം.മാണിക്ക് എങ്ങനെ പങ്കെടുക്കാൻ സാധിക്കുമെന്നും ജോർജ് ചോദിച്ചു. ജോസ് കെ.മാണി എംപി നടത്തുന്ന കേരള യാത്രയെ പി.ജെ.ജോസഫ് പരോക്ഷമായി വിമർശിച്ചിരുന്നു. കേരള യാത്രയുടെ സമയത്തു തന്നെ പ്രാർഥനായജ്ഞം നടത്തിയതെന്തിനെന്ന ചോദ്യത്തിനു പരിപാടി എല്ലാ വർഷവും നടത്തുന്നതാണെന്ന മറുപടിയാണു ജോസഫ് നൽകിയത്. ‘പ്രാർഥനായജ്ഞത്തിൽ രാഷ്ട്രീയമില്ല. നിയമസഭാംഗങ്ങളെ ക്ഷണിച്ച കൂട്ടത്തിൽ പി.സി.ജോർജിനെയും ക്ഷണിച്ചു. അങ്ങനെയാണ് അദ്ദേഹം ഇവി‌ടെയെത്തിയത്. പാർട്ടിയിൽ പ്രശ്നങ്ങളില്ല. കെ.എം.മാണി സ്ഥലത്തില്ലാത്തതുകൊണ്ടാണു പങ്കെടുക്കാഞ്ഞത്. എല്ലാ വർഷവും ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രാർഥനായജ്ഞം സംഘടിപ്പിക്കാറുണ്ട്. അക്രമങ്ങൾക്കെതിരായ യജ്ഞമാണിത്’– ജോസഫ്  കൂട്ടിച്ചേർത്തു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ ന‌ടത്തിയ പ്രാർഥനായജ്ഞം ഗാന്ധി പീസ് മിഷൻ ചെയർമാൻ എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ സന്ദേശങ്ങൾക്കു സമൂഹത്തിൽ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ടാൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ സമാധാനമുണ്ടാകാനുള്ള യജ്ഞമാണു നടക്കുന്നതെന്നു ജോസഫ് പറഞ്ഞു.

ശബരിമലയുടെ പേരിലുണ്ടായ പ്രശ്നങ്ങൾ അവസാനിക്കാൻ പ്രാർഥനായജ്ഞം സഹായിക്കമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.ശുഹൈബ് മൗലവി, എം.ജി.ശശിഭൂഷൺ, ആർക്കിടെക്റ്റ് ജി.ശങ്കർ, ടി.യു.കുരുവിള,  ഗാന്ധിയൻ ഗോപിനാഥൻ നായർ, ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. ദേശഭക്തി ഗാനങ്ങളുടെ ആലാപനവും മതഗ്രന്ഥങ്ങളുടെ പാരായണവും ഉണ്ടായിരുന്നു.

പങ്കെടുത്തതിൽ തെ‌റ്റില്ല: ജോസ് കെ.മാണി

നിലമ്പൂർ ∙ പി.ജെ.ജോസഫിന്റെ പ്രാർഥനാ യജ്ഞത്തിൽ പി.സി.ജോർജ് പങ്കെടുത്തതിൽ തെ‌റ്റില്ലെന്ന് കേരള കോൺഗ്രസ്(എം) വൈസ് ചെയർമാൻ ജോസ് കെ.മാണി. എല്ലാ വിഭാഗം ആളുകളും യജ്ഞത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, നരേന്ദ്രമോദി കോൺഗ്രസിൽ ചേർന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സമമാണ് പി.സി.ജോർജിനെ കേരള കോൺഗ്രസിലെടുക്കുമോ എന്ന ചോദ്യം. 

പാർട്ടി പിളരുമെന്നത് മാധ്യമ സൃ‌ഷ്ടിയാണ്. കേരള കോൺഗ്രസിന് 2 ലോക്സഭാ സീറ്റിന് അർഹതയുണ്ട്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയുടെ കേരളയാത്ര നയിച്ച് ജില്ലയിൽ എത്തിയതായിരുന്നു ജോസ് കെ.മാണി.