നവോത്ഥാന നെയ്ച്ചോറാണു നന്ദിപ്രമേയ ചർച്ചയിൽ പാകം ചെയ്തത്. ചേരുവകൾ: ഒരു കിലോ നവോത്ഥാനം, അര കിലോ വനിതാമതിൽ, 100 ഗ്രാം മതനിരപേക്ഷത, 50 ഗ്രാം നവകേരള നിർമാണം, നവോത്ഥാന നായകർ ആവശ്യത്തിന്. പാചകരീതി: മേൽപറഞ്ഞ ചേരുവകളെല്ലാം ചേർത്തു ചർച്ചയിട്ടു വേവിക്കുക. വെന്തു കഴിഞ്ഞാൽ സുപ്രീം കോടതി വിധി, യുവതീപ്രവേശം, നൈഷ്ഠിക ബ്രഹ്മചര്യം എന്നിവ കൊണ്ടു ഡെക്കറേറ്റ് ചെയ്തു വിളമ്പണം. അതോടെ നന്ദിപ്രമേയ ചർച്ചയായി. ചർച്ച ഭക്ഷിച്ച് ഏമ്പക്കമിടുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുകയാണ്: ബലേ ഭേഷ്!
രണ്ടാംദിവസ ചർച്ച തുടങ്ങിവച്ച കെ.വി. അബ്ദുൽഖാദറാണ് ശബരിമല പ്രശ്നം എടുത്തിട്ടു നവോത്ഥാനത്തിനു വഴിമരുന്നിട്ടത്. പിന്നെ ചർച്ച ചക്കിനു കെട്ടിയ കാളയെപ്പോലെയും വര വീണ ഗ്രാമഫോൺ റെക്കോർഡ് പോലെയും നവോത്ഥാനത്തിൽ കിടന്നു കറങ്ങി. കോടതി വിധിയും നവോത്ഥാനവും തമ്മിൽ കൂട്ടിക്കെട്ടുന്നതിലാണ് എ.പി. അനിൽകുമാറിന് അമർഷം. ബാബ്റി മസ്ജിദ് പൊളിക്കാൻ കർസേവ ചെയ്തയാളെ വനിതാ മതിലിന്റെ കൺവീനറാക്കി നവോത്ഥാന നായകനാക്കിയെന്നാണ് എം. ഉമ്മറിന്റെ പരാതി.
തറവാട്ടു സ്വത്ത് ഭാഗം വച്ചപ്പോൾ ബാക്കി വന്ന കിണ്ടിയും കിണ്ണവും പോലെയാകും സിപിഎം എന്നു കെ. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞതിനു സ്വരാജിന്റെ മറുപടി ഉരുളയ്ക്കുപ്പേരിയായി: തറവാട്ടു സ്വത്ത് മുടിഞ്ഞു കൗപീനം മാത്രം ബാക്കിയായി പെരുവഴിയിൽ നിൽക്കേണ്ട കാരണവരുടെ സ്ഥിതിയിലാകും കോൺഗ്രസ്. സ്വർഗത്തിലേക്കുള്ള സിറാത്ത് പാലത്തിന്റെ കാവലും ടോൾ പിരിവും ആരാണു ലീഗുകാരെ ഏൽപിച്ചതെന്ന് അദ്ദേഹം ചോദിച്ചത് കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പു കാലത്ത് അഴീക്കോട് മണ്ഡലത്തിൽ പ്രചരിച്ച വിവാദ നോട്ടിസ് ഉദ്ധരിച്ചാണ്.
പാർട്ടി ഓഫിസിൽ പ്രതികളെ ഒളിപ്പിച്ചാൽ അതു നവോത്ഥാന ഒളിപ്പിക്കലും അവിടെ റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ പറപ്പിച്ചാൽ അതു പറപ്പിക്കൽ നവോത്ഥാനവും ആകുമോ എന്ന് എം. വിൻസന്റ് ആരാഞ്ഞു. സർക്കാർ ചെയ്യുന്നതെല്ലാം ഗംഭീരമെന്നു കെ.ബി. ഗണേഷ്കുമാർ പറയുന്നു. ടോമിൻ തച്ചങ്കരിയെ നിയന്ത്രിക്കുക കൂടി ചെയ്താൽ അതിഗംഭീരമാകും. എംഎൽഎമാർ വിളിച്ചാൽ തച്ചങ്കരി സെക്യൂരിറ്റിക്കാരനെക്കൊണ്ടാണത്രേ ഫോൺ എടുപ്പിക്കുന്നത്.
സ്വരാജിനു ഫാഷിസത്തിന്റെ ലക്ഷണമാണെന്നാണു ഡോക്ടർ കൂടിയായ എം.കെ. മുനീർ പറയുന്നത്. സ്റ്റെതസ്കോപ്പ് ഉപയോഗിക്കാതെയും ലാബ് പരിശോധന നടത്താതെയുമായിരുന്നു രോഗനിർണയം. പക്ഷേ മരുന്നു കുറിച്ചു നൽകിയിട്ടില്ല. തിരുവഞ്ചൂരിനു നയപ്രഖ്യാപനം ആചാരവെടിയാണെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അതു വെറും വിലാപകാവ്യം.
മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന പാചകത്തിൽ കാര്യമായി ഇടപെട്ടില്ല. മറുപടി പ്രസംഗത്തിന്റെ അവസാനം ഏതാനും വാക്കുകളിൽ അദ്ദേഹത്തിന്റെ പൊടിക്കൈകൾ ഒതുങ്ങി. മുഖ്യപാചകക്കാരൻ എപ്പോഴും അങ്ങനെയാണ്. സഹായികൾ എല്ലാം ചെയ്യും. ഒടുവിൽ ‘മുഖ്യൻ’ ഉപ്പു നോക്കും. അത്ര തന്നെ!
ഇന്നത്തെ വാചകം
'ചെറുപ്രായത്തിൽ ഭാര്യയെ ഉപേക്ഷിച്ചു, ചെലവിനു കൊടുക്കാത്ത പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോൾ മുത്തലാഖ് ബിൽ കൊണ്ടുവരാനുള്ള തിടുക്കം എന്തിനായിരുന്നു?' - മുഹമ്മദ് മുഹ്സിൻ