കോട്ടയം ∙ ജോസ് കെ. മാണിയുടെ കേരളയാത്ര തിരുവനന്തപുരത്ത് എത്തും മുൻപ് പി.ജെ. ജോസഫ് അനുയായികളെയും കൂട്ടി തിരുവനന്തപുരത്ത് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചത് രാഷ്ട്രീയ ചർച്ചയായി. കേരള കോൺഗ്രസിലെ മാണി– ജോസഫ് ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നത ഇതോടെ കൂടുതൽ വെളിവായി.
പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. യാത്രയ്ക്കു ബദലായി ഗാന്ധിസമാധി തിരുവനന്തപുരത്ത് ആചരിച്ച ജോസഫ് വിഭാഗം വിലപേശലിനായി ലോക്സഭാ സീറ്റാണ് കരുവാക്കുന്നത്. ലയനം കൊണ്ടു പ്രയോജനം ഉണ്ടായില്ലെന്നു കെ.എം. മാണിയും പി.ജെ. ജോസഫും തുറന്നു പറഞ്ഞത് എന്തിന്റെ സൂചനയാണെന്നാണ് ഇനി അറിയേണ്ടത്. തർക്കം രൂക്ഷമാവുകയും പിളരുകയും ചെയ്താൽ യുഡിഎഫിൽ തന്നെ ഘടക കക്ഷിയായി തുടരാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ മനസ്സിൽ.
ജനാധിപത്യ കേരള കോൺഗ്രസിലെയും മാണി വിഭാഗത്തിലെയും ചില നേതാക്കൾ ഒപ്പം ചേരുമെന്നും അവർ കണക്കു കൂട്ടുന്നു. എന്നാൽ, ഭിന്നത ചർച്ചയിലൂടെ പരിഹരിക്കാമെന്നാണു മാണി വിഭാഗത്തിന്റെ പ്രതീക്ഷ. മുൻ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന സമ്മേളനത്തിലും തർക്കങ്ങളുണ്ടായെങ്കിലും ചർച്ചയിലൂടെ പരിഹരിച്ചതാണ് ആത്മവിശ്വാസത്തിന് അടിസ്ഥാനം. 2010 ൽ ഒരുമിച്ചെങ്കിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണു ജോസഫ് വിഭാഗത്തിന്റെ പരാതി. ജോസഫ് വിഭാഗം ലയിച്ചെങ്കിലും കെ. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ പ്രമുഖ വിഭാഗം വിട്ടു പോയതു മാണി വിഭാഗം ഉന്നയിക്കുന്നുണ്ട്.
ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. ചെയർമാൻ സ്ഥാനത്തിന് അവകാശം ഉന്നയിക്കുന്നതിനു പകരം ലോക്സഭാ സീറ്റിന്റെ പേരിൽ അതൃപ്തി രേഖപ്പെടുത്താനാണു ജോസഫ് ഗ്രൂപ്പിന്റെ നീക്കം. സിറ്റിങ് സീറ്റായ കോട്ടയം വിട്ടു നൽകാൻ മാണി വിഭാഗം തയാറല്ല.രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും മാണി വിഭാഗം എടുക്കുന്നതിലാണു ജോസഫ് വിഭാഗത്തിന് അതൃപ്തി. കോട്ടയത്തിനു പുറമെ രണ്ടാം സീറ്റു കിട്ടിയാൽ ജോസഫ് വിഭാഗത്തിനു നൽകാമെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇടുക്കി കേരള കോൺഗ്രസിനു കിട്ടിയാൽ ജോസഫ് മത്സരിക്കുകയും മകൻ അപു ജോസഫിനെ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ മൽസരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നു മാണി വിഭാഗം കരുതുന്നു. കോട്ടയത്തു നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാനാണു നീക്കമെന്നു ജോസഫ് സംശയിക്കുന്നു.
പാർട്ടി നേതാക്കളില്ലാതെ കുടുംബാംഗങ്ങൾക്കൊപ്പം കെ.എം. മാണി ഇന്നലെ 86–ാം പിറന്നാൾ പാലായിൽ ആഘോഷിക്കുമ്പോഴാണ് ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തിരുവനന്തപുരത്ത് ചേർന്നത്. പിറന്നാളിന്റെ പേരിൽ ഗാന്ധിസമാധി ആചരണത്തിൽ നിന്നു വിട്ടുനിന്ന കെ.എം. മാണി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ന് എത്തുന്നുമുണ്ട്. ഭിന്നത ഇല്ലെന്നു വരുത്താനാണ് എംഎൽഎമാരായ സി.എഫ്. തോമസ്, എൻ. ജയരാജ്, ജോസഫ് എന്നിവരെ സമാധിദിന ചടങ്ങിന് അയച്ചതും.
ജോസഫ് ഗ്രൂപ്പിലെ പഴയ നേതാവു കൂടിയായ പി.സി. ജോർജ് എംഎൽഎ പ്രാർഥനാ യോഗത്തിൽ പങ്കെടുത്തതാണ് മറ്റൊരു വിവാദം. ജോർജ് പങ്കെടുത്തതിൽ തെറ്റില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. എന്നാൽ മോൻസ് ജോസഫ് എംഎൽഎയാണു ജോർജിനെ ക്ഷണിച്ചതെന്നു പി.ജെ. ജോസഫ് പറഞ്ഞു. കെ.എം. മാണിക്കെതിരെ പി.സി. ജോർജ് ഒളിയമ്പെയ്തതോടെ പ്രാർഥനയിൽ രാഷ്ട്രീയം മുഴങ്ങി.
ഭിന്നത പറഞ്ഞു തീർത്തില്ലെങ്കിൽ വീണ്ടുമൊരു ശക്തി പ്രകടനത്തിനു ജോസഫ് വിഭാഗം തയാറെടുക്കുന്നുവെന്നു സൂചനയുണ്ട്. തൊടുപുഴ ആസ്ഥാനമായി ജോസഫ് നേതൃത്വം നൽകുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രാർഥനാ യജ്ഞം. മുൻവർഷങ്ങളിലെല്ലാം ഈ പരിപാടി തൊടുപുഴയിലാണ് നടത്തിയിരുന്നത്.