ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനിടെ 2013 ൽ വാതുവയ്പുകാർ തന്നെ സമീപിച്ച വിവരം എന്തുകൊണ്ട് ഉടൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചില്ലെന്ന് എസ്. ശ്രീശാന്തിനോട് സുപ്രീം കോടതി. ഇക്കാര്യത്തിൽ ശ്രീശാന്തിന്റെ പെരുമാറ്റം ‘അത്ര നന്നല്ല’ എന്നും കോടതി നിരീക്ഷിച്ചു. ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐയുടെ ആജീവാനന്ത വിലക്ക് നേരിടുന്ന ശ്രീശാന്ത്, നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ നിരീക്ഷണം.
വിവാദത്തിൽ ഡൽഹിയിലെ വിചാരണക്കോടതി 2015 ജൂലൈയിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കാൻ തയാറായില്ല. പിന്നീട് ശ്രീശാന്ത് നൽകിയ ഹർജിയിൽ, കേരള ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് വിലക്ക് നീക്കി. പക്ഷേ, ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചു. ഇതിനെതിരെയാണ് മുൻതാരം സുപ്രീം കോടതിയെ സമീപിച്ചത്.
ആരോപണം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ശ്രീശാന്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് വാദിച്ചു. ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും കളിക്കാൻ അനുവദിക്കാത്തത് ക്രൂരമാണെന്നും രാജ്യത്തിനു വെളിയിലെങ്കിലും കളിക്കാൻ അനുവദിക്കണമെന്നും ശ്രീശാന്ത് അപേക്ഷിച്ചു. വാതുവയ്പുകാർ സമീപിച്ച വിവരം ബോർഡിനെ അറിയിക്കാതിരുന്നത് വീഴ്ചയാണെങ്കിലും അതിനു പരമാവധി ശിക്ഷയായ 5 വർഷം വിലക്കിൽ കൂടുതലെന്തിനെന്നും ഖുർഷിദ് ചോദിച്ചു. ലോകത്തൊരിടത്തും ക്രിക്കറ്റ് കളിക്കാർക്ക് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. വിചാരണ ഫെബ്രുവരി 20 നു തുടരും.