അഭിനന്ദിച്ചതിന്റെ ചൂടാറും മുൻപ് തച്ചങ്കരി പുറത്ത്

തിരുവനന്തപുരം ∙ കാൽനൂറ്റാണ്ടുകാലത്തെ നഷ്ടങ്ങളുടെ ചരിത്രം തിരുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അഭിനന്ദിച്ചതിന്റെ ചൂടാറും മുൻപു കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ടോമിൻ ജെ. തച്ചങ്കരി പുറത്ത്. സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകളുടെ നിരന്തര സമ്മർദത്തെത്തുടർന്നാണു മന്ത്രിസഭാ തീരുമാനം. ഡിഐജി റാങ്കിലുള്ള കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനെ പകരം നിയമിച്ചു. ഡിജിപി പദവിയിൽ സ്റ്റേറ്റ്് ക്രൈം റെക്കോർഡ്സ് ബ്യൂറോ തലവനായ ടോമിൻ തച്ചങ്കരി സിഎംഡിയുടെ അധികച്ചുമതലയാണു വഹിച്ചിരുന്നത്.

ശബരിമല സീസണിൽ റെക്കോർഡ് വരുമാനം നേടിയതോടെ, കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം സർക്കാരിന്റെ സഹായമില്ലാതെ  നൽകിയതിനു പിന്നാലെയാണു തച്ചങ്കരി പുറത്താകുന്നത്. യൂണിയനുകളുമായി സഹകരിക്കുന്നയാൾ തലപ്പത്തു വരണമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എം.പി. ദിനേശ് കൊച്ചി സിറ്റി കമ്മിഷണറെന്ന നിലയിൽ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഇതിനോടു പ്രതികരിച്ചില്ല.

കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ തച്ചങ്കരി നടപ്പാക്കിയ ഡ്യൂട്ടി പരിഷ്്കരണത്തെയും ചെലവുചുരുക്കൽ നടപടികളെയും സിഐടിയു, എഐടിയുസി ഉൾപ്പെടെയുള്ള യൂണിയനുകൾ ശക്തമായി എതിർത്തിരുന്നു. ചട്ടം ലംഘിച്ച് സമരം ചെയ്തതിനു യൂണിയൻ നേതാക്കൾക്കെതിരെ കേസെടുക്കാനും സ്ഥലംമാറ്റാനും മുതിർന്നതു ബന്ധം വഷളാക്കി. ഇതുവരെ പിന്തുണയുമായി നിന്ന മുഖ്യമന്ത്രിയും ഇടതുമുന്നണിയിൽ നിന്നുള്ള സമ്മർദം ശക്തമായതോടെ നിലപാടു മാറ്റി. തച്ചങ്കരിയുടെ പരിഷ്കാര നടപടികളിലൂടെ ശമ്പളവിതരണം കൃത്യമാക്കാനും വരുമാന വർധിപ്പിക്കാനും കഴിഞ്ഞിരുന്നു.

പരസ്യം പതിക്കാനും ടവർ സ്ഥാപിക്കാനുമടക്കമുള്ള കരാറുകളിൽ നിന്നുള്ള വരുമാനം പലമടങ്ങ് വർധിച്ചു. ഇന്ത്യൻ ഓയിലുമായി നേരിട്ടു ചർച്ച നടത്തി ഇന്ധനവില കുറപ്പിച്ചു. വൈദ്യുതി ബസ് ഉൾപ്പെടെയുള്ളവ നിരത്തിലിറക്കി ഈ വർഷം അവസാനത്തോടെ കെഎസ്ആർടിസിയെ വരുമാനത്തിൽ സ്വയം പര്യാപ്തമാക്കാൻ പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ഹെൽമറ്റില്ലാത്തവർക്ക് ഇന്ധനം നൽകേണ്ടെന്ന വിവാദ ഉത്തരവ് മന്ത്രി അറിയാതെ ഇറക്കിയതിനു ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തുനിന്നു പുറത്തായ ചരിത്രവും തച്ചങ്കരിക്കുണ്ട്.

മന്ത്രി അറിഞ്ഞില്ല; സ്വാഭാവിക നടപടിക്രമം മാത്രമെന്ന് ശശീന്ദ്രൻ

ടോമിൻ തച്ചങ്കരിയെ മാറ്റുന്ന കാര്യം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. പതിവു നിയമനങ്ങൾ പോലെ തന്നെ അജൻഡയ്ക്കു പുറത്തുള്ള വിഷയമായിട്ടാണ് ഇക്കാര്യവും മന്ത്രിസഭ പരിഗണിച്ചത്. അതേസമയം, മാറ്റം സ്വാഭാവിക നടപടിക്രമമാണെന്നും താൻ ഗതാഗതമന്ത്രിയായ ശേഷമുള്ള നാലാമത്തെ സിഎംഡിയെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നതെന്നും ശശീന്ദ്രൻ പ്രതികരിച്ചു.