രാഹുൽ ഗാന്ധി വന്നാൽ വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കും
Mail This Article
കൽപറ്റ ∙ പഴയ ധാരണയ്ക്കു വിരുദ്ധമായി വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു രാഹുൽ ഗാന്ധി എത്തുന്നതു മുൻകൂട്ടി കണ്ടുള്ള ബിജെപി നീക്കം. ബിഡിജെഎസിന് അനുവദിച്ച സീറ്റിൽ എൻഡിഎ സ്വതന്ത്രനായി ആന്റോ അഗസ്റ്റിനെ മൽസരിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ബിഡിജെഎസ് ജില്ലാ കമ്മിറ്റി ആദ്യം എതിർത്തുവെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വത്തിനു വഴങ്ങി. രാഹുൽ എത്തിയാൽ മാറേണ്ടിവരുമെന്നു വ്യക്തമായതോടെ, ആന്റോ പിന്മാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്നാണു വയനാട്ടിൽ പുതിയ സ്ഥാനാർഥിയെ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. രാഹുൽ വന്നാൽ ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാർഥിയെയും മാറ്റി ബിജെപി തന്നെ സീറ്റ് ഏറ്റെടുത്തേക്കും.
സോണിയാ ഗാന്ധി ബെള്ളാരിയിൽ മൽസരിച്ചപ്പോൾ അവസാന ദിവസമാണു പത്രിക കൊടുത്തത്. വയനാട്ടിലും അങ്ങനെയൊരു നീക്കം കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായാൽ സ്ഥാനാർഥിയെ മാറ്റൽ എളുപ്പമാകില്ലെന്നതും ബിജെപി നേതൃത്വം കണക്കിലെടുത്തു. തുടർന്നാണ്, രാഹുൽ വന്നാൽ പിൻമാറാമെന്ന ഉറപ്പിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പൈലി വാത്യാട്ടിനെ നിർത്താൻ തീരുമാനമായത്.
∙ 'രാഹുൽ ഗാന്ധി ഉറപ്പായും വരുമെന്നും സീറ്റ് ഒഴിയേണ്ടിവരുമെന്നുമാണു സംസ്ഥാന നേതൃത്വം പറഞ്ഞത്. കാവൽ സ്ഥാനാർഥിയായി നിൽക്കാൻ ഒട്ടും താൽപര്യമില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനെത്തുടർന്നാണു പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. രാഹുൽ വരുമ്പോൾ ഇപ്പോഴത്തെ സ്ഥാനാർഥി പൈലി വാത്യാട്ടും മാറേണ്ടിവരും. സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കും.’ - ആന്റോ അഗസ്റ്റിൻ (നേരത്തെ നിശ്ചയിച്ചിരുന്ന എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി)