ആപ്പിൽ വിളിക്കൂ, ആളുവരും... തേങ്ങയിടും
Mail This Article
ആലപ്പുഴ ∙ തേങ്ങ ഇടാൻ ഇനി ആളെത്തേടി നടക്കേണ്ട. മൊബൈൽ ആപ്പിൽ അറിയിച്ചാൽ ആളെത്തി തേങ്ങയിടും; ന്യായമായ വില നൽകി കൊണ്ടുപോവുകയും ചെയ്യും. കയർ ബോർഡിന്റെ നേതൃത്വത്തിലാണു സെന്റ്‍ർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ സാങ്കേതിക സഹായത്തോടെ ആപ്പ് ഒരുങ്ങുന്നത്. പദ്ധതി ആദ്യ ഘട്ടമായി ആലപ്പുഴയിൽ ഒരു മാസത്തിനുള്ള നടപ്പാക്കാനാണ് ആലോചന.
കയർ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണു പുതിയ പരീക്ഷണം. ഉപഭോക്താവിനു ന്യായ വില നൽകി നാളികേരം സഹകരണ സംഘങ്ങൾക്കു കൈമാറും. തൊണ്ട് കയർഫെഡ് സംഭരിച്ചു സംഘങ്ങൾക്കു നൽകും. തേങ്ങയിടീക്കാൻ ഹരിത സേന പോലെയുള്ള സംഘങ്ങൾ രൂപീകരിച്ച് പരിശീലനം നൽകും. പുരയിടം ഉള്ളവർക്ക് റജിസ്റ്റർ ചെയ്യാനാകുന്ന വിധത്തിലാണ് ആപ് രൂപ കൽപന ചെയ്യുന്നത്. ഒരിക്കൽ റജിസ്റ്റർ ചെയ്താൽ കൃത്യമായ ഇടവേളകളിലെത്തി തേങ്ങ ഇടുന്ന വിധത്തിലാണു ക്രമീകരണം.
ചകിരി ക്ഷാമം മൂലം കയർ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽനിന്നു പരമാവധി തൊണ്ടു ശേഖരിക്കുകയാണു ലക്ഷ്യം. ഇപ്പോൾ ആവശ്യമായ ചകിരി നൂലിന്റെ 20 ശതമാനത്തിനു താഴെ മാത്രമാണ് കേരളത്തിൽ നിന്നു സംഭരിക്കാനാകുന്നത്. 80 ശതമാനവും തമിഴ്‍നാട്ടിൽ നിന്നാണു വരുന്നത്. ഇതുമൂലം കയറിന്റെ വില നിശ്ചയിക്കുന്നത് തമിഴ്നാടിന്റെ നിലപാടുകളാണ്.
English summary: Mobile app developed to get labourer to pluck coconut