പാലക്കാട് വഴി ചെന്നൈ–കൊച്ചി വ്യവസായ ഇടനാഴി; 10,000 കോടി നിക്ഷേപം
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ വ്യവസായക്കുതിപ്പിനു വഴിയൊരുക്കുന്ന കോയമ്പത്തൂർ–കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്ര സർക്കാർ അനുമതി. ഇതിന്റെ ഭാഗമായി പാലക്കാട്ട് 1800 ഏക്കറിൽ 10,000 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്ന സംയോജിത ഉൽപാദന ക്ലസ്റ്റർ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ–ഐഎംസി) സ്ഥാപിക്കും. 10,000 പേർക്കു ജോലി ലഭിക്കുമെന്നാണു സർക്കാർ കണക്ക്.
ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്നു കൊച്ചിയിലേക്കും നീട്ടാനാണു നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) അനുമതി നൽകിയത്. ദേശീയ വ്യവസായ ഇടനാഴിയിൽനിന്നു കേരളത്തെ ഒഴിവാക്കിയതിനെത്തുടർന്നു സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന 2 ഐഎംസികളിലൊന്നാണു പാലക്കാട്ടേത്; രണ്ടാമത്തേതു സേലത്താണ്. ഐഎംസി സ്ഥാപിക്കാൻ 2000– 5000 ഏക്കർ വേണമെന്നാണു വ്യവസ്ഥയെങ്കിലും കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് 1800 ഏക്കറായി കുറച്ചു. പാലക്കാട്ട് കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിൽ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
ദേശീയപാതയോരത്ത് 100 കിലോമീറ്റർ
പാലക്കാട് കേന്ദ്രീകരിച്ച് ദേശീയപാതയുടെ രണ്ടു വശങ്ങളിലായി 100 കിലോമീറ്റർ നീളത്തിലായിരിക്കും സംയോജിത ഉൽപാദന ക്ലസ്റ്റർ (ഐഎംസി) വരുന്നത്. പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയിൽ അതിലേറെ ആനുകൂല്യങ്ങൾ സംരംഭകർക്കു ലഭിക്കും വിധമാണ് ഐഎംഎസികൾ വിഭാവനം ചെയ്യുന്നത്.
ഭക്ഷ്യസംസ്കരണം തൊട്ട് ഇലക്ട്രോണിക്സ് വരെ
ഇലക്ട്രോണിക്സ്, ഐടി, ഭക്ഷ്യസംസ്കരണ, പരമ്പരാഗത വ്യവസായങ്ങളെല്ലാമുള്ള ക്ലസ്റ്ററാകും വികസിപ്പിക്കുക. ലോജിസ്റ്റിക്സ് പാർക്ക്, വെയർഹൗസ്, കോൾഡ് സ്റ്റോറേജ് തുടങ്ങിയവ പ്രതീക്ഷിക്കാം. കൊച്ചി തുറമുഖ സാമീപ്യം മൂലം ഐഎംസിക്കു പുറത്തും സംരംഭങ്ങൾക്കു സാധ്യതയെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ.
കേരളം ഭൂമി നൽകും, കേന്ദ്രം വികസിപ്പിക്കും
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നു രൂപീകരിക്കുന്ന പ്രത്യേക ദൗത്യ കമ്പനിക്കായിരിക്കും (എസ്പിവി) നടത്തിപ്പു ചുമതല. ഭൂമിവിലയാണു കമ്പനിയിൽ സംസ്ഥാനത്തിന്റെ ഓഹരി. സ്ഥലം വ്യവസായസൗഹൃദ രീതിയിൽ കേന്ദ്ര സർക്കാർ വികസിപ്പിക്കും. 870 കോടി രൂപയാണു കേന്ദ്ര വിഹിതം.