ബവ്ക്യൂ: ടോക്കൺ ബുക്കിങ് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെ
Mail This Article
തിരുവനന്തപുരം ∙ ബവ്ക്യൂ ആപ് വഴി മദ്യം വാങ്ങാനുള്ള ടോക്കൺ ബുക്കിങ് ഇനി ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7 വരെ. തൊട്ടടുത്ത ദിവസത്തേക്കുള്ള ബുക്കിങ്ങായിരിക്കും ഓരോ ദിവസവും നടക്കുക. ആപ്പിന്റെ തുടക്കത്തിൽ രാവിലെ 6 മുതൽ രാത്രി 10 വരെയായിരുന്നു സമയം.
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ മദ്യവിൽപനയ്ക്കു തിങ്കളാഴ്ച ബുക്ക് ചെയ്തത് നാലര ലക്ഷത്തോളം ടോക്കണുകളാണ്. ഇന്നലെ ബുക്കിങ് താരതമ്യേന മന്ദഗതിയിലായിരുന്നു. തിങ്കളാഴ്ച ഒരു മണിക്കൂറിൽ 3 ലക്ഷം ടോക്കണുകളുടെ ബുക്കിങ് നടന്നപ്പോൾ ഇന്നലെ മൂന്നര മണിക്കൂറിൽ പോയത് 2.88 ലക്ഷം മാത്രമാണ്. വൈകിട്ട് 5 ആയപ്പോൾ പോലും 3.28 ലക്ഷം ടോക്കണുകളുടെ ബുക്കിങ് മാത്രമാണ് കഴിഞ്ഞത്. ഒരു മദ്യശാലയിലേക്ക് 400 ടോക്കണാണ് നൽകുന്നത്.
റെഡ് സോണുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും മദ്യവിതരണമില്ല. ബവ്ക്യൂ ആപ്പിൽ പിൻകോഡ് ഒരു തവണ സെറ്റ് ചെയ്താൽ പിന്നീട് മാറ്റാനാകില്ലെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചു.
English Summary: Bevq token booking