കോവിഡ്: പ്ലാസ്മ തെറപ്പിക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി
Mail This Article
തിരുവനന്തപുരം∙ കോവിഡ് ബാധിച്ചു 10 ദിവസത്തിനകം ഓക്‌സിജൻ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള വൈറസ് ബാധിതർക്കാകും ഇനി മുതൽ പ്ലാസ്മ തെറപ്പി നൽകുകയെന്ന് മന്ത്രി കെ.കെ.ശൈലജ. പ്ലാസ്മ നൽകുന്നയാളുടെ രക്തത്തിൽ മതിയായ ആന്റിബോഡി ഉണ്ടെന്നും സ്വീകരിക്കുന്ന ആൾക്ക് ആന്റിബോഡി ഇല്ലെന്നും ഉറപ്പാക്കിയ ശേഷമേ മാത്രമേ പ്ലാസ്മ ചികിത്സ നൽകുകയുള്ളൂ.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പ്ലാസ്മ ഉപയോഗിച്ചു കോവിഡ് ബാധിതരെ ചികിത്സിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവാകുന്നവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചു കോവിഡ് ബാധിതരെ ചികിത്സിക്കുന്ന രീതിയാണു കോവിഡ് കോൺവലസന്റ് പ്ലാസ്മ തെറപ്പി. ഇതു വഴി 90 ശതമാനത്തിനു മുകളിൽ രോഗികളെയും രക്ഷിക്കാൻ കഴിഞ്ഞു.
കോവിഡ് നെഗറ്റീവ് ആയവരുടെ ശരീരത്തിൽ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചവർ നെഗറ്റീവായി 28 ദിവസങ്ങൾക്കകം പ്ലാസ്മ എടുക്കാമെന്നും മന്ത്രി അറിയിച്ചു.