ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്: രവി പൂജാരിയെ ഇന്നു കോടതിയിൽ ഹാജരാക്കും
Mail This Article
കൊച്ചി ∙ കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കിയാൽ രവി പൂജാരിയെ കാസർകോട് വെടിവയ്പു കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ഉത്തരമേഖലാ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘത്തിലെ അംഗങ്ങൾ കൊച്ചിയിലുണ്ട്. കടവന്ത്ര കേസിൽ അന്വേഷണ സംഘത്തിനു കോടതി ചോദ്യംചെയ്യാൻ അനുവദിച്ച സമയം ഇന്നു വൈകിട്ട് 5നു തീരും.
അഭിഭാഷകനെ നേരിൽ കാണാൻ രവി പൂജാരി അന്വേഷണ സംഘത്തോട് അനുവാദം ചോദിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം അഡീ. സിജെഎം കോടതിയിൽ ഹാജരാക്കുമ്പോൾ കോടതിയോട് അനുവാദം ചോദിക്കാൻ അന്വേഷണ സംഘം നിർദേശിച്ചു. കോടതി അനുവദിച്ചാൽ ഇന്ന് അഭിഭാഷകനെ കാണാൻ കഴിയും. കടവന്ത്ര, കാസർകോട് വെടിവയ്പു കേസുകളിൽ രവി പൂജാരി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
രവി പൂജാരിയുടെ ശബ്ദം ഫോണിലൂടെ കേട്ടിട്ടുള്ള നടി ലീന മരിയാ പോളും മലയാളം വാർത്താ ചാനലിലെ റിപ്പോർട്ടറും ആ ശബ്ദം പൂജാരിയുടേതു തന്നെയാണെന്നു തിരിച്ചറിഞ്ഞു. റിപ്പോർട്ടർ നേരിട്ടും ലീന ഓൺലൈനിലൂടെയും അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകി. ഇരുവരെയും വിളിച്ചതു താനാണെന്നു രവി പൂജാരിയും മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിനൊപ്പം ഇവരുടെ മൊഴികൾ അന്വേഷണ സംഘം കോടതിക്കു കൈമാറും.
English Summary: ATS investigation against Ravi Pujari