60 ലക്ഷം ഡോസ് വാക്സീൻ വേണം: പിണറായി
Mail This Article
ന്യൂഡൽഹി ∙ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിന് 60 ലക്ഷം ഡോസ് ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി നേരത്തെ നൽകിയ കത്തിന്റെ കാര്യം പരാമർശിച്ചു.
ആരോഗ്യമേഖലയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ രോഗവ്യാപനം പിടിച്ചു നിർത്താനാണു കേരളം ശ്രമിച്ചത്. അതിൽ വിജയിച്ചു. അതു കൊണ്ടാണ് കേരളത്തിൽ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു രോഗികളുടെ എണ്ണം കൂടുതൽ ഉള്ളത്. ടിപിആർ 30 ശതമാനത്തിന് അടുത്തെത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോൾ അത് 10.4 ശതമാനമായി.
ഏപ്രിലിൽ ആരംഭിച്ച രണ്ടാം തരംഗത്തിൽ ആവശ്യമായ തോതിൽ പരിശോധന നടത്തിയും ചികിത്സ നൽകിയും രോഗത്തെ പ്രതിരോധിക്കാൻ കേരളത്തിനായി. അതിനാലാണ് മരണ നിരക്ക് 0.48 ശതമാനത്തിൽ പിടിച്ചു നിർത്താൻ സാധിച്ചത്.
വാക്സീൻ ഒട്ടും നഷ്ടപ്പെടുത്താതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണു കേരളം. ഇതെല്ലാം കണക്കിലെടുത്തു സംസ്ഥാനത്തിന് ആവശ്യമായ വാക്‌സീൻ ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
English Summary: More Covid vaccine should be allowed: Kerala CM Pinarayi Vijayan to PM Narendra Modi