‘സൈന്യത്തിൽ ചേരണോ ? ഞങ്ങൾ തയാർ !’
Mail This Article
തിരുവനന്തപുരം∙ ‘സൈന്യത്തിൽ ചേരാൻ ഇഷ്ടമാണോ?’ കഴക്കൂട്ടം സൈനിക സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ലഫ്.കേണൽ ഷെല്ലി കെ.ദാസിന്റെ ചോദ്യത്തിന് അഫ്ര ഫാത്തിമയും വേദയും പൂജാലക്ഷ്മിയും ദേവനന്ദയും ഒരേ സ്വരത്തിലാണ് ‘േയസ്’ പറഞ്ഞത്. ‘ വളരെ കടുപ്പം പിടിച്ച പണിയാണ്, നന്നായി കഷ്ടപ്പെടേണ്ടി വരും, എങ്കിലോ?’ ഉപചോദ്യം പിന്നാലെ. ‘ഞങ്ങൾ തയാർ’ എന്ന മറുപടി. കേരളത്തിലെ ഏക സൈനിക സ്കൂളായ കഴക്കൂട്ടം സൈനിക സ്കൂളിലെ പെൺകുട്ടികളുടെ ആദ്യ ബാച്ചിലെ അംഗങ്ങളാണു നാലു പേരും.
പ്രധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കഴക്കൂട്ടം സൈനിക സ്കൂളിൽ പെൺകുട്ടികളുടെ ബാച്ച് തുടങ്ങുന്നത്. ആറാം ക്ലാസിൽ 10 % സീറ്റ് മാറ്റിവച്ചു. ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിലൂടെയാണു പ്രവേശനം. താമസിച്ചു പഠിക്കാൻ ഒരു ബാച്ചായി പെൺകുട്ടികൾ എത്തുന്നത്, 1962ൽ തുടങ്ങിയ കഴക്കൂട്ടം സൈനിക സ്കൂളിന്റെ ചരിത്രത്തിൽ ആദ്യം. ഏഴു മലയാളികളും, രണ്ടു ബിഹാർ സ്വദേശിനികളും ഒരു യുപി സ്വദേശിനിയുമാണ് ആദ്യ ബാച്ചിൽ. അഫ്ര ഫാത്തിമ, വേദ ഷിബു, വി. പൂജാലക്ഷ്മി, എസ്.ആർ. ദേവനന്ദ, അൽഫോൻസാ പി. അനിൽ, എം.ജെ. ജയനന്ദ എന്നിവർ മലയാളികൾ. ഒരാൾ കൂടി പ്രവേശനം നേടാനുണ്ട്.
അഫ്ര ഫാത്തിമയ്ക്ക് ഇരട്ട സന്തോഷമാണു സൈനിക സ്കൂൾ പ്രവേശനം. കാരണം കൂട്ടിന് ഇളയ സഹോദരൻ മുഹമ്മദ് ഈസയുമുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം മംഗലപുരം സ്വദേശി മുഹമ്മദ് മനാഫിന്റെയും സുൽത്താനയുടെയും മക്കളാണ് ഇരുവരും. ഒരുമിച്ച് പ്രവേശന പരീക്ഷയെഴുതി ജയിച്ചാണ് ഇരുവരും ഒരേ ക്ലാസിൽ പഠിക്കാനെത്തുന്നത്. വേദ തിരുവനന്തപുരം പരുത്തിപ്പാറയിലും ദേവനന്ദ പിടിപി നഗറിലുമാണു താമസം. കൊല്ലം അഴീക്കലിലാണു പൂജാലക്ഷ്മിയുടെ വീട്. പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ, വൈസ് പ്രിൻസിപ്പൽ വിങ് കമാൻഡർ അൽക്കാ ചൗധരി, അധ്യാപകരായ മഹാദേവൻ നായർ, രാജൻ നമ്പൂതിരി, പി.വിവേക്, ഡോ.ആർ.വി.എം.ദീപ എന്നിവർ ചേർന്നു വിദ്യാർഥിനികളെ സ്വീകരിച്ചു.
Content Highlight: Sainik school