രാജ്കുമാർ കസ്റ്റഡി മരണക്കേസ്: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
Mail This Article
തൊടുപുഴ ∙ രാജ്കുമാർ കസ്റ്റഡിമരണക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് സർക്കാർ അനുമതി. അതേസമയം, പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ച് പൊലീസിന്റെ വിവാദനടപടിയും. പ്രതിപ്പട്ടികയിലെ എട്ടും ഒൻപതും സ്ഥാനത്തുള്ള സീനിയർ സിപിഒ ബിജു ലൂക്കോസ്, സിപിഒ ഗീതു ഗോപിനാഥ് എന്നിവരാണ് ഇപ്പോഴും ഡ്യൂട്ടിയിൽ തുടരുന്നത്.
സിബിഐ പ്രതി ചേർത്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷച്ചുമതലയും വഹിക്കുന്നുണ്ട്. എന്നാൽ ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസ് ഇവരെ പ്രതി ചേർത്തിരുന്നില്ലെന്നും സസ്പെൻഷൻ കാലാവധിക്കു ശേഷം ഉദ്യോഗസ്ഥരെ തിരിച്ചെടുത്തശേഷമാണ് സിബിഐ പ്രതിപ്പട്ടിക വിപുലീകരിച്ചതെന്നുമാണ് പൊലീസ് വാദം. കേസിൽ പ്രതി ചേർത്ത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സിബിഐക്ക് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞദിവസം അനുമതി നൽകിയത്. രാജ്കുമാർ (49) കസ്റ്റഡിമരണക്കേസിൽ ഒന്നാം പ്രതി സബ് ഇൻസ്പെക്ടർ കെ.എ.സാബു അടക്കം 9 ഉദ്യോഗസ്ഥർക്കെതിരെ സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രധാന പ്രതികൾക്കെല്ലാം എതിരെ കൊലക്കുറ്റം ചുമത്തുകയും ആദ്യ 6 പ്രതികളെ സർവീസിൽ നിന്നു പിരിച്ചുവിടുകയും ചെയ്തു. എഎസ്ഐ സി.ബി.റെജിമോൻ, പൊലീസ് ഡ്രൈവർമാരായ സിപിഒ പി.എസ്.നിയാസ്, സീനിയർ സിപിഒ സജീവ് ആന്റണി, ഹോം ഗാർഡ് കെ.എം.ജയിംസ്, സിപിഒ ജിതിൻ കെ.ജോർജ്, എഎസ്ഐ റോയ് പി.വർഗീസ്, സീനിയർ സിപിഒ ബിജു ലൂക്കോസ്, സിപിഒ ഗീതു ഗോപിനാഥ് എന്നിവരാണു കെ.എ. സാബുവിനെക്കൂടാതെ കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ളത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റ പ്രതിപ്പട്ടികയിലില്ലാതിരുന്ന എഎസ്ഐ റോയ് പി.വർഗീസ്, ബിജു ലൂക്കോസ്, ഗീതു ഗോപിനാഥ് എന്നിവരെ സിബിഐയാണ് പ്രതിപ്പട്ടികയിൽ ചേർത്തത്.
2019 ജൂൺ മാസം 12 മുതൽ 16 വരെ കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ രണ്ടാമത്തെ നിലയിൽ കസ്റ്റഡിയിൽ വച്ചു മർദിച്ച കേസിലാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറസ്റ്റിലായത്. തൂക്കുപാലത്തെ സാമ്പത്തികത്തട്ടിപ്പ് കേസിൽ റിമാൻഡിലായ രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചു. രാജ്കുമാറിന്റെ മരണത്തെക്കുറിച്ചും മരണത്തിനു കാരണമായ പൊലീസ് കേസിനെക്കുറിച്ചും രാജ്കുമാർ ഉൾപ്പെടെയുള്ള സംഘം തട്ടിപ്പ് നടത്തിയെന്നു പറയപ്പെടുന്ന ഹരിത ഫിനാൻസ് സ്ഥാപനത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിവരികയാണ്.
Conteny Highlight: Rajkumar Custody Death