ADVERTISEMENT

കൊല്ലം ∙ കാപ്പെക്സിന്റെ നാടൻ തോട്ടണ്ടി സംഭരണത്തിൽ വൻ അഴിമതി അരങ്ങേറിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി. സർക്കാർ നിശ്ചയിച്ച സംഭരണ വിലയെക്കാൾ കൂടിയ വിലയ്ക്കു തോട്ടണ്ടി വാങ്ങി കാപ്പെക്സിനു വൻ നഷ്ടം വരുത്തിയതിന്റെ പേരിൽ സസ്പെൻഷനിലായ മുൻ മാനേജിങ് ഡയറക്ടറെ എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് സർക്കാർ തിരിച്ചെടുത്തത്. നാടൻ തോട്ടണ്ടി ഇടപാടിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതു മലയാള മനോരമയാണ്. 

തോട്ടണ്ടി കർഷകരെ സഹായിക്കാൻ അവരിൽ നിന്നു നാടൻ തോട്ടണ്ടി നേരിട്ടു സംഭരിക്കുന്ന പദ്ധതിയുടെ മറവിൽ, പിഡബ്ല്യുഡി കരാറുകാരനിൽ നിന്നു കൂടിയ വിലയ്ക്കു തോട്ടണ്ടി വാങ്ങിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് 2019 മേയിൽ കാപ്പെക്സ് മാനേജിങ് ഡയറക്ടർ ആർ. രാജേഷിനെ സസ്പെൻഡ് ചെയ്തത്. തുടർന്നു ധനവകുപ്പ് ജോയിന്റ് സെക്രട്ടറി എ. അജിത്കുമാർ നടത്തിയ അന്വേഷണത്തിൽ ഇടപാടിൽ വൻ ക്രമക്കേട് ചൂണ്ടിക്കാണിച്ചുവെങ്കിലും ഇതിന്മേൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, വിചിത്രമായ വാദങ്ങൾ നിരത്തി രാജേഷിനെ കഴിഞ്ഞ ഫെബ്രുവരിയിൽ തിരിച്ചെടുക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തിൽ നിന്നുള്ള ശക്തമായ സമ്മർദത്തെത്തുടർന്നായിരുന്നു സർക്കാർ തീരുമാനം. 

സർക്കാർ തീരുമാനത്തിനു വിരുദ്ധമായി കൂടിയ വിലയ്ക്കു തോട്ടണ്ടി വാങ്ങിയതിലൂടെ, വില വ്യത്യാസത്തിൽ മാത്രം 15.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിലും കണ്ടെത്തിയിരുന്നു. തോട്ടണ്ടി ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന്്് ആവശ്യം ഉയർന്നിരുന്നുവെങ്കിലും സിപിഎം നേതാക്കൾ ചെയർമാന്മാരായിരിക്കെ നടന്ന ഇടപാടുകളിൽ അന്വേഷണം ഒഴിവാക്കാനും സർക്കാർ ‘ജാഗ്രത’ കാട്ടി. 

Content Highlights: CAPEX, Government of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com