എരമല്ലൂരിന്റെ ഹരിത, ഇന്ത്യയുടെ ആദ്യ വനിതാ സ്കിപ്പർ
Mail This Article
അരൂർ∙ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് ഗവേഷണ യാനങ്ങളിൽ നിയമിക്കപ്പെടാനുള്ള സ്‌കിപ്പർ പരീക്ഷ ജയിക്കുന്ന രാജ്യത്തെ ആദ്യ വനിത ആലപ്പുഴ ജില്ലയിലെ എരമല്ലൂർ സ്വദേശിനി. എരമല്ലൂർ കൈതക്കുഴി കുഞ്ഞപ്പൻ -സുധർമ്മ ദമ്പതികളുടെ മകൾ ഹരിത(25)യാണ് അപൂർവ നേട്ടത്തിന് ഉടമയായത്. ചെറിയ മറൈൻ ഫിഷിങ് കപ്പലുകളിലെ ക്യാപ്റ്റൻ തസ്തികയാണു സ്കിപ്പർ. വലിയ കപ്പലുകളിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വനിതകൾ സ്കിപ്പർ ജോലി തിരഞ്ഞെടുക്കുന്നത് അത്യപൂർവമാണ്.
നവംബർ 23ന് നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. രണ്ടു വർഷം മുൻപു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) ബിരുദം നേടിയതിനു ശേഷം ചെന്നൈ എംഎംഡി നടത്തിയ മേറ്റ് ഓഫ് ഫിഷിങ് വെസൽസ് പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോഴും ഹരിത വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളിൽ 12 മാസത്തോളം സെയ്‌ലിങ് പരിശീലനം നേടിയ ഹരിത സിഫ്‌നെറ്റിന്റെ പ്രശിക്ഷണി എന്ന കപ്പലിൽ മേറ്റ് ആയി സേവനമനുഷ്ഠിച്ചു. മുംബൈ കേന്ദ്രമായ സിനർജി മറീനേഴ്സിന്റെ ഉടമസ്ഥതയിലുള്ള മർച്ചന്റ് നേവി കപ്പലിൽ ഓസ്ട്രേലിയയിൽ നിന്നു യുഎസിലേക്കു സമുദ്ര സഞ്ചാരവും നടത്തി. ഇതിനകം 24 രാജ്യങ്ങൾ സന്ദർശിച്ചു. ഈ മാസം 10 ന് വീണ്ടും സെയ്‌ലിങ്ങിന് തയാറെടുക്കുന്നതിന് ഇടയിലാണ് അപൂർവ നേട്ടം തേടിയെത്തിയത്.
Content Highlight: Captain Haritha