ADVERTISEMENT

‘‘ദുഃഖിക്കരുത്. പഠിച്ചു വലിയവനായാൽ ഞാൻ മദിരാശിയിലേക്കു കൊണ്ടുപോകും. എല്ലാ സുഖസൗകര്യങ്ങളും നേടിത്തരും’’–പത്തുവയസ്സുള്ള ഒരു ബാലൻ പണ്ട് അമ്മയ്ക്കു കൊടുത്ത വാക്ക് ഇങ്ങനെ. നാലാം ക്ലാസിലെ പാഠപുസ്തകത്തിൽ ഛത്രപതി ശിവജി അമ്മയെ സാന്ത്വനപ്പെടുത്തുന്നതു വായിച്ച പ്രേരണയിലാണ് അവനതു പറഞ്ഞതെങ്കിലും അഞ്ചുമക്കളുമായി ട്രെയിനിൽനിന്നു ചാടിമരിക്കാൻ തീരുമാനമെടുത്ത അമ്മയ്ക്ക് ആ വാക്കുകൾ പുനർജന്മത്തിലേക്കു വാതിൽ തുറന്നിട്ടു. അമ്മ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞ് ജീവിതത്തിലേക്കു മടങ്ങിവന്നു. വളർന്നപ്പോൾ മകൻ ആ വാക്ക് പാലിച്ചു. 6 ഭാഷകളിലായി ശ്രദ്ധേയമായ 69 ചിത്രങ്ങൾ ഒരുക്കി പേരെടുത്ത ചലച്ചിത്രസംവിധായകനായി. സിനിമാക്കഥയല്ല, അതിനേക്കാൾ നാടകീയതനിറഞ്ഞ കഥയാണ് സംവിധായകൻ എസ്.സേതുമാധവന്റെ ജീവിതം.

പഴയ മദിരാശിയിൽ ഫോറസ്‌റ്റ് ഓഫിസറായിരുന്ന പാലക്കാട് കുരുക്കൾപാടം സുബ്രഹ്‌മണ്യൻ നാൽപതാം വയസ്സിലാണു ഹൃദയസ്‌തംഭനത്തെ തുടർന്നു മരിക്കുന്നത്. അതോടെ 28ാം വയസ്സിൽ സേതുമാധവന്റെ അമ്മ ലക്ഷ്‌മിയമ്മ വിധവയായി. അന്ന് സേതുമാധവന് എട്ടു വയസ്സ്. താഴെ മുന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ജീവിതം വഴിമുട്ടിയപ്പോൾ മക്കളെയും കൂട്ടി അമ്മ തമിഴ്‌നാട്ടിൽ നിന്നു പാലക്കാട്ടേക്കു മടങ്ങി. ജോലാർപേട്ടയിൽ നിന്നു മംഗലാപുരം മെയിലിലായിരുന്നു യാത്ര. കാവേരിപാലത്തിലെത്താൻ കാത്തിരിക്കുകയായിരുന്നു അമ്മ; അഞ്ചു മക്കളെയുംകൊണ്ട് ട്രെയിനിൽ നിന്നു  നദിയിലേക്ക് ചാടി മരിക്കാൻ. 

മകന്റെ സാന്ത്വന വാക്കുകളാണ് തെറ്റായ തീരുമാനത്തിൽനിന്നു തന്നെ പിന്തിരിപ്പിച്ചതെന്ന് ഒരുപാടുകാലം കഴിഞ്ഞാണ് ആ അമ്മ മകനോടു വെളിപ്പെടുത്തിയത്. അമ്മയ്‌ക്ക് അതിയായ വിശ്വാസമായിരുന്നു, എന്നും അവനിൽ. അതുകൊണ്ടുതന്നെ, മരിക്കുംവരെ സംവിധായകന്റെ പ്രതിഫലംപോലും നിർമാതാക്കൾ അമ്മയെയാണ് ഏൽപിച്ചിരുന്നത്. 

കാഷായമണിഞ്ഞ മോഹം 

സേതുമാധവനു കുട്ടിക്കാലത്ത് സന്യാസി ആയിത്തീരാനായിരുന്നു മോഹം. മാതാപിതാക്കളോടൊപ്പം രമണമഹർഷിയുടെ ആശ്രമം സന്ദർശിച്ചതുവഴിയുണ്ടായ ഇഷ്ടമാണത്. പക്ഷേ, ആരെയും നോവിക്കാതെ സത്യസന്ധമായി സ്വന്തം ചുമതലകൾ നിർവഹിച്ചുജീവിക്കുകയാണ് യഥാർഥസന്യാസം എന്ന് അമ്മ ഉപദേശിച്ചു. അതോടെ, അകാലത്തിൽ മരിച്ച അച്ഛന്റെ ജോലി ലഭിക്കുന്നതിനായി ശ്രമം. അതിനായി പാലക്കാട് വിക്ടോറിയ കോളജിൽ ചേർന്നു. എന്നാൽ, ഹോസ്‌റ്റൽ മുറിയിൽ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാഥികളുമായുണ്ടായ സൗഹൃദങ്ങൾ സേതുമാധവന്റെ വഴി തിരിച്ചു വിട്ടു; മലയാള സിനിമയുടെയും. 

മദ്രാസിലെ ജെമിനി സ്റ്റുഡിയോയിൽ സേലം തിയറ്റേഴ്‌സിന്റെ ‘മർമയോഗി’ എന്ന ചിത്രത്തിൽ 1951 ൽ രാമനാഥന്റെ സഹായിയായാണു ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം. പിന്നീട് എൽ.വി.പ്രസാദ്, എ.എസ്.എ സ്വാമി, സുന്ദർറാവു, നന്ദലക്ഷ്മി എന്നീ സംവിധായകരോടൊപ്പവും പ്രവർത്തിച്ചു. 1961ൽ വീരവിജയ എന്ന സിഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തമിഴ്നാട്ടിലും ശ്രീലങ്കയിലും ഒരേസമയം പുറത്തിറങ്ങിയ ചിത്രം ശ്രദ്ധനേടി. 

മലയാളത്തിലെ ആദ്യ ചിത്രം അസോസിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച ‘ജ്ഞാനസുന്ദരി’യായിരുന്നു. ഒരുകൊല്ലം കഴിയുന്നതിനുമുൻപ് അടുത്ത ചിത്രം പുറത്തുവന്നു-‘കണ്ണും കരളും’ (1962). സത്യനും അംബികയും നായികാനായകന്മാരായി അഭിനയിച്ച ഈ സിനിമയിൽ പ്രേമരംഗങ്ങൾ ഇല്ലാതിരുന്നത് അന്നത്തെ വിതരണക്കാരെ ഭയപ്പെടുത്തി. ചിത്രം പൊട്ടുമെന്നുതന്നെ അവർ തീർത്തുപറഞ്ഞു. എന്നാൽ കൊച്ചിയിൽ മാത്രം 100 ദിവസം പടമോടി. അക്കാലത്ത് മലയാള സിനിമ അധികം പ്രദർശിപ്പിക്കാത്ത പാലക്കാട്ടു പോലും 50 ദിവസം പ്രദർശിപ്പിച്ചു. മൂന്നാമത്തെ ചിത്രം ‘നിത്യകന്യക’ തമിഴിൽനിന്നു റീമേക്ക് ചെയ്തതാണ്. 1963ൽത്തന്നെ ‘സുശീല’ എന്ന മറ്റൊരു ചിത്രവുമിറങ്ങി. 

ഹിറ്റ് മേക്കർ 

സേതുമാധവന്റെ വളർച്ച വളരെ വേഗമായിരുന്നു. 1965ൽ എല്ലാ നിലയ്ക്കും ശ്രദ്ധേയങ്ങളായ രണ്ടു ചിത്രങ്ങൾക്കു രൂപം നൽകാൻ അദ്ദേഹത്തിനു കഴി‍ഞ്ഞു. ഒന്ന്, കേശവദേവിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ‘ഓടയിൽനിന്ന്’. റിക്ഷക്കാരുടെ ദരിദ്രജീവിതം പശ്ചാത്തലമാക്കിയ ചിത്രത്തിൽനിന്നു തികച്ചും വിഭിന്നമായിരുന്നു അതേവർഷമിറങ്ങിയ ‘ദാഹം’ എന്ന രണ്ടാമത്തെ ചിത്രം. ഇരട്ടക്കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്ന നായകന്റെ കഥപറയുന്ന ഈ ചിത്രത്തിന്റെ മുക്കാൽഭാഗവും ചിത്രീകരിച്ചത് ആശുപത്രിയിലായിരുന്നു. സത്യന്റെ അന്നോളമുള്ളതിലെ ഏറ്റവും മികച്ച രണ്ടുവേഷങ്ങളായിരുന്നു ‘ഓടയിൽനിന്നി’ലെ പപ്പുവും ‘ദാഹ’ത്തിലെ ജയരാജനും. 1966 ലിറങ്ങിയ ‘സ്ഥാനാർഥി സാറാമ്മ’ സ്തീപാത്രചിത്രീകരണത്തിലെ മികവുകൊണ്ടും വിഷയത്തിന്റെ പുതുമകൊണ്ടും അക്കാലത്തെ അദ്ഭുതചിത്രമായിരുന്നു. 1966 ലിറങ്ങിയ, ‘തോക്കുകൾ കഥപറയുന്നു’ എന്ന ചിത്രത്തോടെ സേതുമാധവന്റെ ചലച്ചിത്ര ജീവിതത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നു എന്നുപറയാം. 

1968ന്റെ രണ്ടാംപകുതിയിൽ പുറത്തുവന്ന ‘യക്ഷി’ ഏതുനിലയ്ക്കും മലയാള ചലച്ചിത്രത്തിലെ നാഴികക്കല്ലാണ്. മനഃശാസ്ത്രപ്രമേയം കൈകാര്യം ചെയ്യുന്ന ആദ്യ മലയാള ചിത്രംകൂടിയാണത്. ‘കന്യാകുമാരി’ (1974) വരെ നീളുന്ന ഈ കാലത്ത് പ്രസക്തമായ ഒരുപിടി ചിത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അടിമകൾ, കടൽപ്പാലം (1969), കൽപന, വാഴ്‌വേമായം, അരനാഴികനേരം(1970), ഒരു പെണ്ണിന്റെകഥ, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ (1971), ദേവി (1972), പണിതീരാത്ത വീട്, കലിയുഗം (1973), ജീവിക്കാൻ മറന്നുപോയ സ്ത്രീ, ചട്ടക്കാരി, കന്യാകുമാരി (1974) 

ഓർമ്മകൾ മരിക്കുമോ (1977), നക്ഷത്രങ്ങളേ കാവൽ (1978), ഓപ്പോൾ (1981), അവിടുത്തെപ്പോലെ ഇവിടെയും (1985) തുടങ്ങിയ സിനിമകളുമായെത്തിയ കാലത്തെ കൂടുതൽ പക്വമായ മൂന്നാംഘട്ടമായി വിലയിരുത്താം. അന്യഭാഷകളിലും ഇക്കാലത്താണ് അദ്ദേഹം കുടുതൽ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തത്.  

1991ൽ എംടി.വാസുദേവൻ നായരുടെ തിരക്കഥയോടെ ഇറങ്ങിയ ‘വേനൽക്കിനാവുകളാ’യിരുന്നു അവസാനത്തെ മലയാളചിത്രം. 

സേതുമാധവൻ സംവിധാനം ചെയ്ത ‘ചട്ടക്കാരി’ എന്ന സിനിമ മകൻ സന്തോഷ് സേതുമാധവൻ, 2012ൽ  വീണ്ടും സംവിധാനം ചെയ്തിറക്കി.അച്ഛനെപ്പറ്റി ഒരു ഡ‍ോക്കുമെന്ററിയും സന്തോഷ് സംവിധാനം ചെയ്തു.  രാമുകാര്യാട്ടിന്റെ ഭാര്യ സേതുമാധവന്റെ ഭാര്യയുടെ സഹോദരിയാണ്.

മറുഭാഷയും മറുപക്കവും 

മലയാള സിനിമയിൽ ശ്രദ്ധനേടിയപ്പോൾതന്നെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും കയ്യൊപ്പു പതിപ്പിക്കാൻ സേതുമാധവനു കഴിഞ്ഞു. തമിഴ് സിനിമയ്‌ക്ക് ആദ്യ സ്വർണകമലം നേടാൻ കാരണമായത് 1991ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്‌ത ‘മറുപക്ക‘മായിരുന്നു. ഈ ചിത്രത്തിനുതന്നെ മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡും ലഭിച്ചു. 

   കല്യാണ ഊർവലം (1970), നാളൈ നമതൈ എന്നീ തമിഴ് ചിത്രങ്ങളും, യാദോംകിബാരാത്ത്, അഫ്‌സനാ ദോ ദിലോംകാ (1982), സിന്ദഗിജീനേ കേലിയേ (1984) എന്നീ ഹിന്ദി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. കന്നടയിൽ മാനിനി (1979), തെലുങ്കിൽ നിജങ്കൾ, സ്‌ത്രീ (1994) എന്നീ ചിത്രങ്ങളും ശ്രദ്ധനേടി. മറുപക്കത്തിനു പുറമേ മക്കൾ, ജീവിക്കാൻ മറന്നുപോയ സ്ത്രീ, ആദ്യത്തെ കഥ, ദേവി, ദാഹം എന്നീ ചിത്രങ്ങൾക്കും തിരക്കഥയെഴുതിയ അദ്ദേഹം ഓർമകൾ മരിക്കുമോ, വിശ്വരൂപം എന്നീ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

English Summary: KS Sethumadhavan, life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com