ഭൂമി റജിസ്ട്രേഷന് ഏപ്രിൽ മുതൽ ചെലവേറും; ഉയർന്ന സ്ലാബുകളിൽ കൂടുതൽ ഭൂനികുതിയും
Mail This Article
തിരുവനന്തപുരം ∙ അൽപമെങ്കിലും വരുമാനം കണ്ടെത്താൻ സർക്കാർ ഇത്തവണ കണ്ണുവച്ചത് ഭൂമിയിൽ. ഭൂമിയുടെ ന്യായവില 10% കൂട്ടിയതോടെ റജിസ്ട്രേഷൻ നിരക്കുകൾ ഉയരും. ഏപ്രിൽ 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിലാകുക.
വായ്പയെടുത്തും മറ്റും ഭൂമി വാങ്ങുന്നവർ വിപണിവില കാണിച്ചാണ് ഭൂമി റജിസ്റ്റർ ചെയ്യുന്നത്. അവരെയാണ് ന്യായവില വർധന ഏറെ ബാധിക്കുക. ന്യായവില പരിഷ്കരിക്കാൻ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെ വിപണി വിലയ്ക്കൊപ്പം ഭൂമി വിലയും ഉയരാൻ സാധ്യതയുണ്ട്.
കുറഞ്ഞ അളവിൽ ഭൂമിയുള്ളവർ ഒഴികെ ബാക്കിയെല്ലാവർക്കും ഭൂനികുതിയും വർധിക്കും. ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതിനുള്ള സ്ലാബുകളുടെ എണ്ണം വർധിപ്പിച്ച് ഉയർന്ന സ്ലാബുകളിൽ കൂടുതൽ നികുതി ഏർപ്പെടുത്തും. ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ 2 സ്ലാബ് വീതമാണുള്ളത്. ഇതു വർധിപ്പിച്ച് 4 സ്ലാബുകളാക്കാനുള്ള ശുപാർശയാണ് ബജറ്റിലുള്ളതെന്നാണു സൂചന.
നിലവിൽ പഞ്ചായത്തുകളിൽ 20 സെന്റ്, മുനിസിപ്പാലിറ്റി 6 സെന്റ്, കോർപറേഷനിൽ 4 സെന്റ് എന്നിവ വരെ ആദ്യ സ്ലാബും ഇതിൽ കൂടുതൽ ഭൂമിയുള്ളവർക്ക് മറ്റൊരു സ്ലാബും എന്ന രീതിയിലാണു പരിഗണിക്കുന്നത്. 4 സ്ലാബുകൾ വരുമ്പോൾ താഴെയുള്ള സ്ലാബുകളിലെ കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കു നികുതി ഭാരമില്ലാതെ ഉയർന്ന സ്ലാബുകളിൽ നികുതി വർധിപ്പിക്കുന്ന രീതിയിലാണു പരിഷ്കരണം. ഭൂനികുതിയിൽ 50% വരെ വർധനയുണ്ടാകുമെന്നു മന്ത്രി പിന്നീടു വ്യക്തമാക്കി.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal