ADVERTISEMENT

തിരുവനന്തപുരം∙ ഔദ്യോഗിക വസതിയായ ‘നെസ്‍റ്റിന്റെ’ പിൻവശത്തു മൂന്നര സെന്റ് സ്ഥലത്തു മിയാവാക്കി വനം ഒരുക്കി ‘ചാലഞ്ച്’ ചെയ്ത് മന്ത്രി എം.വി.ഗോവിന്ദൻ. എല്ലാ ത‍ദ്ദേശസ്ഥാപ‍ന പ്രദേശത്തും മിയാവാക്കി മാതൃകയിൽ ‘ജന‍വനം’ പച്ച‍ത്തുരുത്തുകൾ നിർമിക്കണമെന്നു ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ ത‍ദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ചില ത‍ദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് ഇതു നടപ്പാക്കിയത്.

‘ജന‍വനം’ പച്ച‍ത്തുരുത്തുകൾ നിർമിക്കാൻ നിർദേശിച്ചു കഴിഞ്ഞ ഏപ്രിലിൽ മന്ത്രിയും ഉത്തരവിറക്കി. അതിനൊപ്പം സ്വയം അതു നടപ്പാക്കി മാതൃക കാട്ടുകയാണു ചെയ്തത്. ഔദ്യോഗിക വസതിക്കു പിന്നിൽ വെട്ടിത്തെളിക്കാതെ കിടന്ന സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. വനം മന്ത്രി എ.കെ.ശശീന്ദ്രൻ സഹായവുമായി എത്തി. വനം വകുപ്പിന്റെ ‘നഗര‍വനം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ മിയാവാക്കി വനം നിർമിച്ചത്.

മൂന്നര സെന്റ് സ്ഥലത്ത് 300 വൃക്ഷങ്ങ‍ളുണ്ട്. അശോകം, പ്ലാവ്, മാവ്, പൈൻ, വയ‍ണ, പൂവ‍രക്, നാരകം, ശീ‍മനെല്ലി, ഈട്ടി, പനീർ‍ചാമ്പ, മന്ദാരം, കുടമ്പുളി, നെല്ലി തുടങ്ങി 45 ഇനം വൃക്ഷങ്ങളാണു തിരഞ്ഞെടുത്തത്. ഓരോന്നിന്റെയും ആറും ഏഴും തൈകൾ വീതം നട്ടാണു ‌‌‌ശാസ്ത്രീയമായി വനം ഒരുക്കിയതെന്നു ഫെയ്സ്ബുക് കുറിപ്പിൽ മന്ത്രി അറിയിച്ചു. ത‍ദ്ദേശ സ്ഥാപനങ്ങൾക്കെല്ലാം ജന‍വനം ഉണ്ടാക്കാൻ ബുദ്ധിമുട്ടി‍ല്ലെന്നും ആരൊക്കെ ഇതു നടപ്പാക്കുമെന്ന ചാലഞ്ച് മുന്നോട്ടു വയ്ക്കുകയാണെന്നു ഗോവിന്ദൻ പറഞ്ഞു.

മിയാവാക്കി വനം

സ്വാഭാവിക വനത്തിന്റെ എല്ലാ സവിശേഷതകളോടും കൂടിയ കാടിനെ വളരെ ചുരുങ്ങിയ കാലം കൊണ്ടു വളർത്തിയെടുക്കുന്നതാണു മിയാവാക്കി മാതൃക. സ്വാഭാവിക വനം രൂപപ്പെടാൻ 150–200 വർഷമെടുക്കുമ്പോൾ അതേ വളർച്ചയുള്ള മിയാവാക്കി കാട് നിർമിച്ചെടുക്കുക വെറും 20–30 വർഷം കൊണ്ടാണ്.

എല്ലാ വിഭാഗത്തിലും പെട്ട ചെടികളെ ഒരു സെന്റിൽ ഏതാണ്ട് 162 എണ്ണം എന്ന കണക്കിൽ നട്ടുവളർത്തുമ്പോൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് അവ പാർശ്വവളർച്ച ഉപേക്ഷിച്ച് മുകളിലേക്കു കുതിച്ചു വളരും (താരതമ്യേന 5 ഇരട്ടി കൂടുതൽ വേഗത്തിൽ) എന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രം. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിറാ മിയാവാക്കിയുടെ കണ്ടെത്തൽ ആയതിനാലാണ് ഇവ മിയാവാക്കി വനങ്ങൾ എന്ന് അറിയപ്പെടുന്നത്.

English Summary: Miyawaki Forest Challenge by Minister MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com