കെ.ശങ്കരനാരായണൻ: വിശ്വപൗരൻ; വിടവാങ്ങിയത് നാടിന്റെ പ്രിയ നേതാവ്
2001ൽ പാലക്കാടുനിന്നു നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചാണ് 2006ലെ തിരഞ്ഞെടുപ്പിൽനിന്നു ശങ്കരനാരായണൻ മാറിനിന്നത്. അത്തരത്തിൽ മാറിനിൽക്കാൻ സമ്മതിക്കില്ലെന്ന എ.കെ. ആന്റണിയുടെ...K Sankaranarayanan, K Sankaranarayanan Manorama news, K Sankaranarayanan Latest news, K Sankaranarayanan Age,
2001ൽ പാലക്കാടുനിന്നു നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചാണ് 2006ലെ തിരഞ്ഞെടുപ്പിൽനിന്നു ശങ്കരനാരായണൻ മാറിനിന്നത്. അത്തരത്തിൽ മാറിനിൽക്കാൻ സമ്മതിക്കില്ലെന്ന എ.കെ. ആന്റണിയുടെ...K Sankaranarayanan, K Sankaranarayanan Manorama news, K Sankaranarayanan Latest news, K Sankaranarayanan Age,
2001ൽ പാലക്കാടുനിന്നു നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചാണ് 2006ലെ തിരഞ്ഞെടുപ്പിൽനിന്നു ശങ്കരനാരായണൻ മാറിനിന്നത്. അത്തരത്തിൽ മാറിനിൽക്കാൻ സമ്മതിക്കില്ലെന്ന എ.കെ. ആന്റണിയുടെ...K Sankaranarayanan, K Sankaranarayanan Manorama news, K Sankaranarayanan Latest news, K Sankaranarayanan Age,
പാലക്കാട്∙ 2001ൽ പാലക്കാടുനിന്നു നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചാണ് 2006ലെ തിരഞ്ഞെടുപ്പിൽനിന്നു ശങ്കരനാരായണൻ മാറിനിന്നത്.
അത്തരത്തിൽ മാറിനിൽക്കാൻ സമ്മതിക്കില്ലെന്ന എ.കെ. ആന്റണിയുടെ സ്നേഹപൂർവമായ വാശിയാണു ശങ്കരനാരായണനെ ഗവർണർ സ്ഥാനത്തെത്തിച്ചത്. പ്രായം കൊണ്ടു മൂത്തയാളാണെങ്കിലും ശങ്കരനാരായണന് ആന്റണിയോടെന്നും ആദരവു കലർന്ന ബഹുമാനമായിരുന്നു. പ്രഥമ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം പാലക്കാട്ട് നടക്കുമ്പോൾ ഡിസിസി ഓഫിസിലെ ബെഞ്ചിലും തറയിലും കിടന്നുറങ്ങിയ ബന്ധം എല്ലാക്കാലവും ദൃഢമായിരുന്നു. എ.കെ. ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരമുണ്ടായപ്പോൾ വയലാർ രവിയെ പിന്തുണച്ച കെ. കരുണാകരനോടു ശങ്കരനാരായണൻ പറഞ്ഞു ‘ഞാൻ ആന്റണിക്കെ വോട്ട് ചെയ്യൂ’. ഗവർണർ പദവി രാജിവച്ചു തിരികെ എത്തിയപ്പോഴും പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കൊന്നും അദ്ദേഹം ശ്രമിച്ചില്ല.
അർഹിച്ചതിൽ കൂടുതൽ പാർട്ടി നൽകിക്കഴിഞ്ഞു, ഇനി ഒന്നും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നിട്ടും കേരളത്തിലുടനീളം രാഷ്ട്രീയ, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിന് അദ്ദേഹത്തിനു തടസ്സമായില്ല. ആർക്കു മുന്നിലും തുറന്നിട്ട വാതിലായിരുന്നു ശങ്കരനാരായണൻ. ശേഖരിപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആർക്കും കടന്നുവരാം. ഏതു വിഷയവും സംസാരിക്കാം.
പക്ഷേ, സ്വന്തം ബോധ്യത്തിലും നിലപാടിലും ഉറച്ചുനിന്നുള്ള മറുപടിയാകും ലഭിക്കുക. ഏതു രാഷ്ട്രീയത്തിലുള്ളവരോടും സൗമ്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പുതിയ തലമുറയിലെ കെഎസ്‌യു പ്രവർത്തകർക്കു വരെ ഏതു പ്രശ്നങ്ങൾക്കും സമീപിക്കാവുന്നത്ര ഊഷ്മളമായിരുന്നു അദ്ദേഹം മറ്റുള്ളവരോടു കാണിച്ചിരുന്ന പരിഗണന.
സൗഹൃദങ്ങളുടെ നീണ്ടനിര...
കാമരാജിനോളംതന്നെ ഇന്ത്യയിലെ ഒട്ടേറെ രാഷ്ട്രീയ പ്രമുഖരുടെയും ചങ്ങാതിയായിരുന്നു കെ. ശങ്കരനാരായണൻ. നിജലിംഗപ്പ, എസ്.കെ. പാട്ടീൽ, മൊറാർജി ദേശായി, സി.വി. ഗുപ്ത, അതുല്യ ഘോഷ്, നീലം സഞ്ജീവറെഡ്ഡി, വീരേന്ദ്ര പാട്ടീൽ, അശോക് മേത്ത, സത്യനാരായണ സിൻഹ, താരകേശ്വരി സിൻഹ, ഹിതേന്ദ്ര ദേശായി, സി. സുബ്രഹ്മണ്യം, ജി.കെ. മൂപ്പനാർ, ആർ. വെങ്കിട്ടരാമൻ, പി. രാമചന്ദ്രൻ, ശരദ്പവാർ, രവീന്ദ്രവർമ, മൊഹീന്ദർ കൗർ തുടങ്ങി ദേശീയതലത്തിൽ സൗഹൃദങ്ങളുടെ നീണ്ടനിരതന്നെയുണ്ട് പറയാൻ. ഇവരുമൊത്തുള്ള ഒട്ടേറെ കഥകളും ശങ്കരനാരായണനു പറയാൻ ഉണ്ടായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന മൊഹിന്ദർ കൗർ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങിന്റെ അമ്മയാണ്. പട്യാല രാജ്ഞി എന്ന തലയെടുപ്പുള്ള അവർക്കു ശങ്കരനാരായണനെ വലിയ കാര്യമായിരുന്നു. ഡൽഹിയിൽ പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിനു പോകുമ്പോൾ ഭക്ഷണത്തിനു മൊഹിന്ദർ കൗർ ശങ്കരനാരായണനെയും ക്ഷണിക്കും. സ്റ്റാർ ഹോട്ടലുകളിലൊക്കെയാവും ഡിന്നർ. കുത്തബ് മിനാറിനു സമീപത്തെ പട്യാല കൊട്ടാരത്തിൽ പലവട്ടം താമസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.നിജലിംഗപ്പയ്ക്കു ശേഷം സംഘടനാ കോൺഗ്രസിന്റെ പ്രസിഡന്റായ അശോക് മേത്തയുമായി വലിയ സൗഹൃദമുണ്ടായിരുന്നു. അശോക് മേത്ത പണ്ടു കോട്ടയത്തു മലയാള മനോരമ സന്ദർശിച്ചപ്പോൾ ഒപ്പം കൂട്ടിയതു ശങ്കരനാരായണനെയാണ്.
പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം അശോക് മേത്ത വ്യക്തിപരമായി എഴുതിയ ഒരു കത്ത് ശങ്കരനാരായണന്റെ ശേഖരത്തിലുണ്ട്. ‘ ദ് ഷിപ്പ് നീഡ്സ് എ ന്യൂ ക്യാപ്റ്റൻ. സോ ഐ റിസൈൻഡ് ’. അദ്ദേഹം എഴുതിയ കത്തിലെ വരികളാണിത്.
പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ തിരുവനന്തപുരം സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പം എയർക്രാഫ്റ്റിൽ ശങ്കരനാരായണന്റെ പേരുകൂടി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു ചേർത്തപ്പോൾ തിരുവനന്തപുരത്തുള്ളവർ അതിശയിച്ചുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയായി കേരളത്തിൽ എത്തിയപ്പോഴും സമാന സംഭവമുണ്ടായി. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഗെസ്റ്റ് ഹൗസിൽ വെങ്കിട്ടരാമൻ താമസിക്കുകയാണ്.‘ രാഷ്ട്രപതിക്ക് കാണണം എന്നു പറയുന്നു’, എന്നു കലക്ടറാണ് ശങ്കരനാരായണനെ അറിയിച്ചത്. മകൾ അനുവിനെയും കൂട്ടി അദ്ദേഹം വെങ്കിട്ടരാമനെ കാണാൻ ചെന്നു. പഴയ സുഹൃത്തുക്കളുടെ കൂടിക്കാഴ്ച. അനുവിനു നാലാം വയസ്സിൽ അതു വലിയ സംഭവമായിരുന്നുവെന്നും രാഷ്ട്രപതി നൽകിയ ലഡ്ഡുവിന്റെയും മിഠായികളുടെയും മധുരം ഒരുപാടുകാലത്തോളം അനുവിന്റെ കഥകളിൽ നിറഞ്ഞിരുന്നതായും ശങ്കരനാരായണൻ പറഞ്ഞിരുന്നു.
കേരളത്തിൽ ഗവർണറായി പി. രാമചന്ദ്രൻ എത്തിയ കാലത്തു പല ദിവസങ്ങളിലും ശങ്കരനാരായണൻ തിരുവനന്തപുരം രാജ്ഭവനിൽ പോകും. പോയില്ലെങ്കിൽ അദ്ദേഹം വിളിക്കും. ഭക്ഷണം പലപ്പോഴും അവിടെയായിരിക്കും. പി. രാമചന്ദ്രൻ ശുദ്ധ വെജിറ്റേറിയനാണ്. ശങ്കരനാരായണനു നോൺ വെജ് കിട്ടിയാൽ കെങ്കേമമായി. അദ്ദേഹത്തിനു വേണ്ടി നോൺവെജ് വിഭവങ്ങൾ പ്രത്യേകം തയാറാക്കും. പാലക്കാട്ടെത്തിയാൽ ഗവർണറുടെ ഭക്ഷണം ശങ്കരനാരായണന്റെ വീട്ടിലാവും.
പി. ബാലനും ശങ്കരനാരായണനും
പാലക്കാട്ടെ കോൺഗ്രസ് ചരിത്രത്തിൽ പി. ബാലനും കെ. ശങ്കരനാരായണനും രണ്ടധ്യായങ്ങളല്ല. ഒരേ പ്രായക്കാർ. പാർട്ടി കെട്ടിപ്പടുക്കാൻ ഒപ്പം നടന്നവർ. രാഷ്ട്രീയത്തിലെത്തിയ ശേഷം ഉടലെടുത്ത ബന്ധം. ഷൊർണൂരിൽ നിന്നുതന്നെയായിരുന്നു ഇരുവരുടെയും വരവ്. ശങ്കരനാരായണൻ ഡിസിസി പ്രസിഡന്റായപ്പോൾ ബാലൻ സെക്രട്ടറിയായി. ശങ്കരനാരായണൻ കെപിസിസി ജനറൽ സെക്രട്ടറിയായപ്പോൾ ബാലൻ ഡിസിസി പ്രസിഡന്റായി. ഷൊർണൂരിലെ തയ്യൽക്കടയിൽ ബാലൻ ജോലിക്കുനിന്ന കാലത്തായിരുന്നു ഇവർ തമ്മിലുള്ള സൗഹൃദം തുടങ്ങിയത്. കടുത്ത എ പക്ഷക്കാരനായിരുന്ന ബാലൻ മുഖംനോക്കാതെ ആരെയും വിമർശിക്കുമായിരുന്നു. ആ വിമർശനശരം കെ. കരുണാകരൻ മാത്രമല്ല, ആന്റണിയും ഉമ്മൻ ചാണ്ടിയും കെ. ശങ്കരനാരായണനുമെല്ലാം ഏറ്റുവാങ്ങിയിട്ടുമുണ്ട്. സംഘടനാ കോൺഗ്രസ് വിട്ടു തിരികെ മാതൃസംഘടനയിലെത്തിയശേഷം രാഷ്ട്രീയമായി ബാലനും ശങ്കരനാരായണനും ചിലയിടങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും വ്യക്തിബന്ധത്തിൽ ഉടവുതട്ടിയില്ല. അന്നത്തെ പാലക്കാടൻ രാഷ്ട്രീയത്തിൽ ഇരുവരുടെയും വാക്പോര് പ്രശസ്തവുമായിരുന്നു.
പാരമ്പര്യത്തിന്റെ തലയെടുപ്പ്
എ.വി. കുട്ടിമാളുവമ്മ മലബാർ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയായ കാലത്ത് ആ കമ്മിറ്റിയിൽ അംഗമായിരുന്നു കെ. ശങ്കരനാരായണൻ. അന്നു മലബാർ കോൺഗ്രസ് കമ്മിറ്റി യോഗം ചേരുക കോഴിക്കോട്ടാണ്. ട്രെയിനിൽ കയറി ഷൊർണൂരിൽ നിന്നു കോഴിക്കോട്ടെത്തും. കോഴിക്കോട്ട് ടൗൺ ഹാളിലോ മറ്റോ ആവും ലളിതമായ യോഗം. കുട്ടിമാളുവമ്മ അധ്യക്ഷ സ്ഥാനത്തിരുന്ന് ഒരുകാര്യം പറഞ്ഞാൽ അത് അവസാന വാക്കായിരുന്നുവെന്നു ശങ്കരനാരായണന്റെ ഓർമക്കുറിപ്പുകളിലുണ്ട്. പൊതുജനങ്ങൾക്കും മറ്റു പാർട്ടിയിലെ ആളുകൾക്കും പോലും ബഹുമാന്യരെന്നു തോന്നിയവർ മാത്രമായിരുന്നു അന്നു കോൺഗ്രസിന്റെ നേതൃനിരയിലെത്തിയിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കോഴിപ്പുറത്തു മാധവമേനോൻ, എ.വി. കുട്ടിമാളുവമ്മ, അബ്ദുറഹിമാൻ സാഹിബ്, മൊയ്തു മൗലവി, കെ.പി. കുട്ടിക്കൃഷ്ണൻ നായർ, സി.കെ. ഗോവിന്ദൻ നായർ, കെ. മാധവൻ നായർ തുടങ്ങിയ പ്രഗത്ഭരുടെ കാലത്തു രാഷ്ട്രീയം തുടങ്ങിയ ആളായിരുന്നു ശങ്കരനാരായണൻ. പി.പി. ഉമ്മർ കോയയും കെ. ഗോപാലനും എം. കമലവുമെല്ലാം രാഷ്ട്രീയ സഹചാരികളായിരുന്നു. ഇ. മൊയ്തു മൗലവിക്കൊപ്പം ഒരു രാഷ്ട്രീയ വേദിയിൽ പ്രസംഗിക്കാൻ ചെന്ന കാര്യം അഭിമാനപൂർവം അദ്ദേഹം ഓർത്തിരുന്നു. പാലക്കാട് സുൽത്താൻപേട്ടയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉണ്ടായിരുന്ന കാലത്തു കെ. ശങ്കരനാരായണന്റെ താമസം പോലും അവിടെയായിരുന്നു. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും എ.സി. ജോർജും എ.സി. ജോസും വയലാർ രവിയുമെല്ലാം പാലക്കാട്ടെത്തിയാൽ ഓഫിസിൽ ശങ്കരനാരായണനൊപ്പമായിരുന്നു കിടപ്പ്.
English Summary: Tribute to K Sankaranarayanan