ക്ലാസ് മുറിയിൽ എട്ടു വയസ്സുകാരിയുടെ കാലിൽ പാമ്പു ചുറ്റി
Mail This Article
പത്തിരിപ്പാല (പാലക്കാട്) ∙ രാവിലെ ക്ലാസിലേക്കു കയറിയ എട്ടു വയസ്സുകാരിയുടെ കാലിൽ പാമ്പു ചുറ്റിയതു പരിഭ്രാന്തി പരത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കും നിരീക്ഷണത്തിനു ശേഷം, കടിയേറ്റില്ലെന്ന് ഉറപ്പാക്കിയതോടെയാണ് ആശ്വാസമായത്.
മങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയും കണ്ണമ്പരിയാരം മാട്ടത്തിൽ സന്തോഷിന്റെയും രാജേശ്വരിയുടെയും മകളുമായ ആശ്രയയുടെ കാലിലാണു പാമ്പു ചുറ്റിയത്. ഇന്നലെ രാവിലെ ഒൻപതരയോടെ സ്കൂളിലെത്തിയ കുട്ടി, ക്ലാസിന്റെ വാതിൽ തുറന്നു കയറുമ്പോൾ പാമ്പിനെ ചവിട്ടുകയായിരുന്നു. കാലിൽ ചുറ്റിയതു കണ്ടു ഭയന്ന കുട്ടി കാലു കുടഞ്ഞതോടെ പാമ്പു തെറിച്ചുപോയി. കടിയേറ്റെന്ന ആശങ്കയിൽ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
അധ്യാപകർ ക്ലാസ് മുറിയിൽ നടത്തിയ തിരച്ചിലിൽ പാമ്പിനെ അലമാരയുടെ അടിയിൽ നിന്നു കണ്ടെത്തി. മണിക്കൂറുകളോളം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിനും വിശദപരിശോധനയ്ക്കും ശേഷമാണു കുട്ടിയെ പാമ്പു കടിച്ചിട്ടില്ലെന്നു ഡോക്ടർമാർ ഉറപ്പാക്കിയത്. വിഷമില്ലാത്ത വെള്ളിവരയൻ പാമ്പിനെയാണ് കണ്ടെത്തിയതെന്നു മലമ്പുഴ സ്നേക് പാർക്ക് അധികൃതർ വ്യക്തമാക്കി.
English Summary: Snake in class room