ബിഷപ് റസാലത്തിന്റെ രാജി ആവശ്യപ്പെട്ട് മാർച്ച്; സംഘർഷം
Mail This Article
തിരുവനന്തപുരം ∙ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ.ധർമരാജ് റസാലത്തിന്റെ രാജി ആവശ്യപ്പെട്ടു സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടി.
ലാത്തിച്ചാർജിനിടെ തലയ്ക്കു പരുക്കേറ്റ തിരുപുറം സ്വദേശി എസ്.എൽ.സന്തോഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന ബിഷപ് രാജിവയ്ക്കണമെന്ന ആവശ്യവുമായി ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണു മാർച്ച് ആരംഭിച്ചത്. വെള്ളയമ്പലത്തു നിന്നു തുടങ്ങി, ബിഷപ്പിന്റെ ആസ്ഥാനമായ എൽഎംഎസ് വഴി പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു പോകാനായിരുന്നു തീരുമാനം. അതിനു പൊലീസ് അനുമതി നൽകിയില്ല.
കനകക്കുന്നിനു സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി ഇവരെ തടഞ്ഞു. തുടർന്നു നന്ദാവനം വഴി പാളയത്തെത്തിയ പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. അതിനിടയിലാണ് ഒരാൾക്കു പരുക്കേറ്റത്.
അൻപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിൽ പ്രതിഷേധിച്ചു സംയുക്ത സമിതി രക്തസാക്ഷി മണ്ഡപത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടാമെന്നു സമരക്കാരുമായി പൊലീസ് നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയതിനെത്തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവക മുൻ സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ ട്രഷറർ റവ.ഡി.എൻ.കാൽവിൻ ക്രിസ്റ്റോ, ഡി.സത്യജോസ്, റവ.സി.പി.ജസ്റ്റിൻ ജോസ്, റവ.ശേം ജപദാസ്, റവ. അജിൻ കമൽ, വീരണകാവ് ലാൽ, വിക്ടർ ശാമുവേൽ തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.
English Summary: Protest against Bishop Dharmaraj Rasalam