ADVERTISEMENT

ചെന്നൈ ∙ ചുവപ്പിന്റെ കരുത്തും മന്ദഹാസത്തിന്റെ സൗമ്യശോഭയുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (68) വിടവാങ്ങി. അപ്പോളോ ആശുപത്രിയിൽ രാത്രി എട്ടിനായിരുന്നു അന്ത്യം. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിച്ചത്. 

എയർ ആംബുലൻസിൽ ഇന്നു രാവിലെ പതിനൊന്നോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം 12 മുതൽ രാത്രി വൈകുന്നതു വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ മൃതദേഹം എത്തിക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ 11 മുതൽ പൊതുദർശനം. 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. 

കോടിയേരി ബാലകൃഷ്ണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
കോടിയേരി ബാലകൃഷ്ണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തലശ്ശേരിക്കു സമീപം കോടിയേരിയിൽ മൊട്ടേമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. 18 വയസ്സാകുംമുൻപേ പാർട്ടി ബ്രാഞ്ച് അംഗമായ കോടിയേരി 20–ാം വയസ്സിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 

അടിയന്തരാവസ്‌ഥക്കാലത്ത് ഒന്നര വർഷം ജയിൽവാസം അനുഭവിച്ചു. 36–ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി.  2002 ൽ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം 2008 ൽ 55–ാം വയസ്സിൽ പൊളിറ്റ്ബ്യൂറോയിലെത്തി. 2006 ലെ വിഎസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. 2011 ൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായി. 2015 ൽ പിണറായി വിജയന്റെ പിൻഗാമിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായത്. 

വിഎസ്–പിണറായി ചേരികളുടെ വിഭാഗീയതയ്ക്കുശേഷം സിപിഎം ഐക്യം വീണ്ടെടുത്ത കാലത്തെ അമരക്കാരനായിരുന്നു കോടിയേരി. പുറത്ത് സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരിക്കെ തന്നെ സംഘടനയ്ക്കുള്ളിൽ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകനായി. 

2019 ഒടുവിൽ അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് യുഎസിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. തിരികെവന്നു പാർട്ടിയിൽ സജീവമായെങ്കിലും  രോഗം വഷളായതോടെ സംസ്ഥാന സെക്രട്ടറി പദത്തിൽനിന്ന് അവധിയിൽ പ്രവേശിച്ചു. 2020 നവംബറിൽ വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം രോഗം വകവയ്ക്കാതെ ചുമതലകൾ നിർവഹിച്ചു. ഒടുവിൽ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷവും മാധ്യമങ്ങളെ കണ്ട് പാർട്ടി തീരുമാനങ്ങൾ വിശദീകരിച്ച കോടിയേരി പോരാട്ട വീര്യത്തിന്റെ വേറിട്ട കാഴ്ചയായി. 

ഭാര്യ: തലശ്ശേരി മുൻ എംഎൽഎ പരേതനായ എം.വി.രാജഗോപാലന്റെ മകൾ എസ്.ആർ.വിനോദിനി. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ.

കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കും പേരക്കുട്ടികൾക്കുമൊപ്പം. ചിത്രം :  മനോരമ
കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കും പേരക്കുട്ടികൾക്കുമൊപ്പം. ചിത്രം : മനോരമ

മുഖ്യമന്ത്രി യൂറോപ്യൻ പര്യടനം മാറ്റി

തിരുവനന്തപുരം ∙ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനം മാറ്റി. ഇന്നു പുലർച്ചെ ഫിൻലൻഡിലേക്കു പോകാനായിരുന്നു നേരത്തേയുള്ള തീരുമാനം. മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥരും ഒപ്പം പോകേണ്ടതായിരുന്നു.

അപ്പോളോ ആശുപത്രിയുടെ വാർത്താക്കുറിപ്പ്:

English Summary: CPM leader Kodiyeri Balakrishnan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com