അന്ന് മാധ്യമങ്ങൾ എത്തുന്നതിന് മുൻപേ കോടിയേരി എത്തി; എല്ലാവരും പോയശേഷം ഹാൾ വിട്ടു
മാരകമായ രോഗത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പോരാട്ടം സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനായി പാർട്ടിയെ മുറുകെപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. വേണമെങ്കിൽ പൂർണ വിശ്രമം തിരഞ്ഞെടുക്കാമായിരുന്നു. കോടിയേരിയെ അത്രമേൽ സ്നേഹിച്ച പാർട്ടി എല്ലാ സംരക്ഷണവും ചെയ്യുമായിരുന്നു.
മാരകമായ രോഗത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പോരാട്ടം സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനായി പാർട്ടിയെ മുറുകെപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. വേണമെങ്കിൽ പൂർണ വിശ്രമം തിരഞ്ഞെടുക്കാമായിരുന്നു. കോടിയേരിയെ അത്രമേൽ സ്നേഹിച്ച പാർട്ടി എല്ലാ സംരക്ഷണവും ചെയ്യുമായിരുന്നു.
മാരകമായ രോഗത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പോരാട്ടം സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനായി പാർട്ടിയെ മുറുകെപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. വേണമെങ്കിൽ പൂർണ വിശ്രമം തിരഞ്ഞെടുക്കാമായിരുന്നു. കോടിയേരിയെ അത്രമേൽ സ്നേഹിച്ച പാർട്ടി എല്ലാ സംരക്ഷണവും ചെയ്യുമായിരുന്നു.
മാരകമായ രോഗത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പോരാട്ടം സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനായി പാർട്ടിയെ മുറുകെപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. വേണമെങ്കിൽ പൂർണ വിശ്രമം തിരഞ്ഞെടുക്കാമായിരുന്നു. കോടിയേരിയെ അത്രമേൽ സ്നേഹിച്ച പാർട്ടി എല്ലാ സംരക്ഷണവും ചെയ്യുമായിരുന്നു. പക്ഷേ, എല്ലാ വല്ലായ്മകളും മാറ്റിവച്ച് താമസിക്കുന്ന എകെജി ഫ്ലാറ്റിനു തൊട്ട് എതിർവശത്തുള്ള എകെജി സെന്ററിലേക്ക് കോടിയേരി എത്തിക്കൊണ്ടിരുന്നു.
ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുമ്പോൾ ഡോക്ടർമാരോട് കോടിയേരി ചോദിച്ചതും മറ്റൊന്നായിരുന്നില്ല. അടുത്ത ദിവസം ചേരാനിരിക്കുന്ന കമ്മിറ്റിയിൽ പങ്കെടുത്തേ തീരൂ, അതിനുവേണ്ടതു ചെയ്യണം എന്നതായിരുന്നു അഭ്യർഥന. സിപിഎമ്മിന്റെ രീതി അനുസരിച്ച് ഓരോ തലത്തിലും ഉള്ള സെക്രട്ടറിമാരാണ് കമ്മിറ്റി വിളിക്കേണ്ടത്. അതുകൊണ്ടു തന്നെ സംസ്ഥാന സെക്രട്ടറി ആയ കോടിയേരി ഇല്ലാതെ സെക്രട്ടേറിയറ്റോ കമ്മിറ്റിയോ ചേരുന്നതിൽ സംഘടനാപരമായ അനൗചിത്യമുണ്ട്. സംഘടനാപരമായ കണിശതകൾ മറ്റാരെക്കാളുമുള്ള കോടിയേരി ആ ഉത്തരവാദിത്തത്തിൽ നിന്നു മാറിനിൽക്കാൻ ആഗ്രഹിച്ചില്ല.
ഒടുവിൽ ചേർന്ന ഒരു സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ നേതാക്കൾക്ക് സങ്കടം നിറച്ചതായിരുന്നു വോക്കറിന്റെ സഹായത്തോടെ തങ്ങളുടെ പ്രിയപ്പെട്ട സെക്രട്ടറി നടന്നുവരുന്ന കാഴ്ച. നടക്കാനുള്ള പ്രയാസത്തിന് കാൻസറുമായി ബന്ധമില്ലെന്ന് കോടിയേരി പറഞ്ഞു. ‘മുട്ടു തേയ്മാനമാണു കുഴപ്പിക്കുന്നത്. അതു മാറും. എല്ലാം ശരിയാകും’– വിഷാദം കലർന്നതെങ്കിലും ആ മുഖത്തുചിരി വിടർന്നു.
വോക്കറിന്റെ സഹായത്തോടെ ഉള്ള ആ നടത്തം ക്യാമറക്കണ്ണുകളിൽ കയറേണ്ടതില്ലെന്ന അഭിപ്രായമുള്ള നേതാക്കളിൽ ചിലർ വാർത്താസമ്മേളനത്തിനു പകരം വാർത്തക്കുറിപ്പ് മതിയില്ലേ എന്നു കോടിയേരിയോട് ചോദിച്ചു. പക്ഷേ, സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ മാധ്യമങ്ങളെ വിളിച്ചറിയിക്കുക എന്ന കടമയിൽ നിന്ന് അദ്ദേഹം പിന്നോട്ടുപോയില്ല. മാധ്യമങ്ങൾ എത്തുന്നതിന് മുൻപു തന്നെ കോടിയേരി വാർത്താസമ്മേളന ഹാളിലെത്തി. പത്രസമ്മേളനം കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു: ‘എനിക്കും ബാലനും കുറച്ചു കാര്യങ്ങൾകൂടി ആലോചിക്കാനുണ്ട്. നിങ്ങൾ പോയശേഷം ആകാമെന്നു കരുതി’. മാധ്യമസംഘം ഉടൻ തന്നെ അദ്ദേഹത്തിനു വേണ്ടി ഹാൾ വിട്ടു.
പിടിമുറുക്കിയ അർബുദം
അസുഖത്തെ നേരിടുന്ന രീതിയെക്കുറിച്ച് ഒരിക്കൽ കോടിയേരിയോടു ചോദിച്ചു. ‘ഞാൻ രോഗം ഓർത്തിരിക്കാറില്ല. ആശുപത്രിയിൽ ചെല്ലുമ്പോഴും മരുന്ന് കഴിക്കുമ്പോഴും മാത്രം അതിനെപ്പറ്റി വിചാരിക്കും. ഡോക്ടർ പറയുന്നതു പോലെ ചെയ്യും. ബാക്കി സമയത്ത് കഴിയുന്നതും പാർട്ടി കാര്യങ്ങളിൽ മുഴുകും. അസുഖത്തെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നാലാണ് അപകടം.’
2019 ഒക്ടോബറിൽ അശനിപാതം പോലെയാണ് കോടിയേരിയുടെ കാൻസർ ബാധ കുടുംബവും പാർട്ടിയും അറിഞ്ഞത്. അതുവരെ പ്രമേഹമായിരുന്നു അലട്ടിയിരുന്ന ഏകരോഗം. അതു നിയന്ത്രണ വിധേയമാകാതെ വരുന്നതിൽ അദ്ദേഹം ആകുലതയിലുമായിരുന്നു. പ്രമേഹ അനുബന്ധ രോഗങ്ങളും പ്രയാസപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിനിടയിൽ സംശയം തോന്നിയ ഡോക്ടർ കാൻസർ പരിശോധന കൂടി നിർദേശിച്ചു. നോക്കിയപ്പോൾ രക്തത്തിലെ അതിന്റെ സൂചകം എല്ലാ പരിധിയും കടന്ന് ഉയർന്ന നിലയിലായിരുന്നു.
പാൻക്രിയാസ് കാൻസർ കോടിയേരിക്കു പിടിപെട്ടുവെന്ന് അറിഞ്ഞതോടെ പാർട്ടി നേതൃത്വം ചികിത്സാസാധ്യതകൾ ആരാഞ്ഞു. അങ്ങനെയാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ലോകപ്രശസ്ത കാൻസർ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. ചില പരിശോധനകൾക്കായി അദ്ദേഹം അമേരിക്കയ്ക്കു തിരിക്കുന്നു എന്നല്ലാതെ കാൻസർ ആണെന്ന സൂചന അന്നു പാർട്ടി നൽകിയില്ല.
കൃത്യസമയത്തെ വിദഗ്ധ ചികിത്സ അദ്ദേഹത്തിനു തുണയായി. കാൻസർ വന്ന ഭാഗം മുറിച്ചുമാറ്റിയതോടെ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷ ശക്തമായി. അദ്ദേഹവും ആത്മവിശ്വാസം പ്രകടിപ്പിച്ചു. മടങ്ങിയെത്തി കടമകളിൽ സജീവമായി. കോവിഡ് കാലം ആയതിനാൽ പുറത്ത് കാര്യമായ പരിപാടികൾ ഇല്ലാതിരുന്ന അന്തരീക്ഷം ഒരു പരിധിവരെ വിശ്രമത്തിനും സഹായിച്ചു.
പ്രതിസന്ധികൾ പലത്
ഇതിനിടയിലാണ് മക്കളെ സംബന്ധിച്ച വിവാദങ്ങൾ അദ്ദേഹത്തെ തുടർച്ചയായി പ്രയാസത്തിലാക്കിയത്. മകൻ ബിനോയിക്കെതിരെ ഉത്തരേന്ത്യൻ യുവതി നൽകിയ പരാതിക്കു പിന്നാലെ ബിനീഷ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലായി. ആന്റി നർകോട്ടിക്സ് വിഭാഗവും കേസിൽ അന്വേഷണം നടത്തിയിരുന്നതിനാൽ സിപിഎം വെട്ടിലായി. കോടിയേരിയുടെ രോഗാവസ്ഥയോട് അനുതാപം നിലനിൽക്കെ ത്തന്നെ പ്രതിപക്ഷത്തു നിന്നു വിമർശനം ശക്തമായി.
മുതിർന്ന മക്കളുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായെങ്കിൽ അത് അവർ നോക്കുമെന്നും പാർട്ടിയോ താനോ സംരക്ഷിക്കാൻ ഉണ്ടാകില്ലെന്നുമുള്ള പ്രതിരോധം അദ്ദേഹം ആദ്യം തീർത്തു. എന്നാൽ, മാനസിക സമ്മർദങ്ങൾ രോഗബാധയിലും പ്രതിഫലിച്ചു. ബിനീഷിന്റെ കേസ് കൂടുതൽ വഷളാകുക കൂടി ചെയ്തതോടെ കോടിയേരി പാർട്ടി സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിച്ചു. ചികിത്സാർഥമുള്ള അവധി എന്നാണ് വ്യക്തമാക്കപ്പെട്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ തൊട്ടുമുന്നിലുള്ള സാഹചര്യം കണക്കിലെടുത്തുളള രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു അത്. അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾപോലും വരുത്താത്ത ക്രമീകരണം അതോടെ പാർട്ടി ചെയ്തു. സെക്രട്ടറിയുടെ ചുമതല തൽക്കാലം എ.വിജയരാഘവനു കൈമാറി.
രോഗം മറന്നും പ്രവർത്തനം
കോടിയേരിയുടെ രാഷ്ട്രീയം അതോടെ അവസാനിച്ചെന്നു ചിലരെങ്കിലും വിചാരിച്ചു. പക്ഷേ, ചികിത്സയിൽ തുടർന്നുകൊണ്ടുതന്നെ എല്ലാ നിർണായക തീരുമാനങ്ങളിലും അദ്ദേഹം ഭാഗഭാക്കായി. തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ചർച്ചകൾക്കു ചുക്കാൻ പിടിച്ചു. മന്ത്രിസഭാ രൂപീകരണവേളയിലും ഇടതു ഘടകകക്ഷികൾ ചർച്ചകൾക്കായി ബന്ധപ്പെട്ടിരുന്നത് കോടിയേരിയെ ആയിരുന്നു. പൊതു സ്വീകാര്യതയും പാർട്ടിയിലും മുന്നണിയിലുമുള്ള ആധികാരികതയും തീരുമാനങ്ങൾ എടുക്കുന്നതിലെ നയചാതുര്യവും കൈമുതലാക്കി ആ കാലത്തെ അദ്ദേഹം അതിജീവിച്ചു. രാഷ്ട്രീയമായും വ്യക്തിപരമായും കോടിയേരി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയുടെ ദിവസങ്ങളായിരുന്നു അത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി സമ്മേളനങ്ങളിലേക്കു കടന്നതോടെ കോടിയേരി കൂടുതൽ ഉഷാറായി. ഏതു സമയവും അദ്ദേഹം സെക്രട്ടറിയായി തിരിച്ചെത്തുമെന്ന പ്രതീതിയായി. ബിനീഷ് അപ്പോഴും ജാമ്യം കിട്ടാതെ ജയിലിൽ തുടർന്നതായിരുന്നു ഒരു തടസ്സം. ഒടുവിൽ ജാമ്യം ലഭിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ 2021 ഡിസംബർ 3ന് കോടിയേരി വീണ്ടും സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്തി. പിന്നാലെ കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാമതും സെക്രട്ടറിയായി. രോഗത്തിന്റെയും വിവാദങ്ങളുടെയും പേരിൽ എഴുതിത്തള്ളാൻ ശ്രമിച്ചവരെ നോക്കി കോടിയേരി സ്വതസിദ്ധമായ ആ ചിരി ചിരിച്ചു.
ജില്ലാസമ്മേളനങ്ങൾക്കു മുൻപായി ചില ഏരിയ സമ്മേളനങ്ങളുടെ ഉദ്ഘാടകനായി കോടിയേരി പോയിരുന്നു. തുടർന്ന് കണ്ണൂർ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനഘട്ടത്തിൽ അദ്ദേഹം പാർട്ടിയിൽ പഴയതു പോലെത്തന്നെ സജീവമായി. രോഗത്തെ അവഗണിച്ചത് ദോഷം ചെയ്തെന്നു കരുതുന്നവരുണ്ട്. പാർട്ടി കോൺഗ്രസ് ഘട്ടത്തിൽ അദ്ദേഹം ക്ഷീണിതനായി കാണപ്പെട്ടു.
വൈകാതെ അമേരിക്കയിൽ വീണ്ടും ചികിത്സയ്ക്കായി പോയി. ശേഷം രോഗബാധ തുടർച്ചയായി അലട്ടുന്ന സ്ഥിതിയാണ് ഉണ്ടായത്. അപ്പോഴും വയ്യായ്മകൾക്ക് അധിക ഗൗരവം കൊടുക്കാതെ പാർട്ടി ഏൽപിച്ച ചുമതലകൾ ചെയ്യാൻ ഉത്സാഹം നിലനിർത്തി. ഫോണിൽ എല്ലാവരുമായും ബന്ധപ്പെട്ടു. ഫോൺ എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിളിച്ചവരെ ഓർമിച്ചുവച്ച് തിരിച്ചുവിളിച്ചു. അങ്ങനെ അവസാനം വരെ രോഗത്തോടു പൊരുതിയും സ്വന്തം പ്രസ്ഥാനം ഏൽപിച്ച ഉത്തരവാദിത്തങ്ങളോടു നീതി പുലർത്തിയും അദ്ദേഹം മാതൃക കാട്ടി.
Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM