ഒരു തെക്കൻ തള്ള് കേസ്
Mail This Article
തിരുവനന്തപുരം ∙ തെക്കൻ കേരളത്തിലുള്ളവരെക്കുറിച്ചു രാമായണ കഥയുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായി. പരാമർശങ്ങൾ പിൻവലിച്ച് സുധാകരൻ പിന്നീടു ക്ഷമ ചോദിച്ചു. സംഘടനാകാര്യത്തിൽ ശശി തരൂർ എംപി ‘ട്രെയിനി’ മാത്രമാണെന്നു സുധാകരൻ പറഞ്ഞതായും വിവാദമുയർന്നെങ്കിലും ആ വാക്ക് താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണു വിവാദമായത്.
സത്യസന്ധതയും നേരായ നിലപാടുകളും ധൈര്യവുമാണു മലബാറിൽനിന്നുള്ള രാഷ്ട്രീയക്കാരുടെ മേന്മയെന്നും തെക്കുള്ള രാഷ്ട്രീയക്കാർക്കു ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെന്നും പറഞ്ഞ് സുധാകരൻ അവതരിപ്പിച്ച കഥയിങ്ങനെ: രാവണനെ വധിച്ച് സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ ലങ്കയിൽനിന്നു മടങ്ങുകയായിരുന്നു ശ്രീരാമൻ. തെക്കൻ കേരളത്തിനു മുകളിലെത്തിയപ്പോൾ, രാമനെ താഴെ തള്ളിയിട്ടു സീതയുമായി കടന്നുകളഞ്ഞാലോയെന്നു ലക്ഷ്മണനു തോന്നലുണ്ടായി. എന്നാൽ തൃശൂരിനു മുകളിലെത്തിയപ്പോഴേക്കും ആ ചിന്ത മാറി കടുത്ത കുറ്റബോധമായി. അപ്പോൾ രാമൻ ആശ്വസിപ്പിച്ചത്രേ: ‘അതു നിന്റെ തെറ്റല്ല, നമ്മൾ കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.’
കുട്ടിക്കാലം മുതൽ മലബാറിൽ കേട്ടുപരിചയമുള്ള കഥയാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരൻ പിന്നീടു പറഞ്ഞു.
English Summary: K Sudhakaran's Ramayana remark row