‘സേഫ്’ ആയില്ല, ദേവരായപുരത്തെ കുടുസ്സുമുറി ഒളിവിടം
Mail This Article
ദേവരായപുരം (പൊള്ളാച്ചി) ∙ വില കൂടിയ കാർ മോഷണം പോയെന്നും അന്വേഷണവുമായി ബന്ധപ്പെട്ടു മൂന്നുനാലു ദിവസം തങ്ങാൻ ഒരിടം വേണമെന്നും പറഞ്ഞാണു നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ ദേവരായപുരത്തെ കുടുസ്സുമുറിയിൽ ഒളിവിൽ താമസമാക്കിയത്. പൊള്ളാച്ചി – കോയമ്പത്തൂർ റോഡിൽ വട്ടക്കിപാളയത്തെ ചൂലക്കൻ മാരിയമ്മൻ ക്ഷേത്രത്തിന്റെ വലതു ഭാഗത്താണ് റാണ ഒളിച്ചുതാമസിച്ച ദേവരായപുരം. പൊള്ളാച്ചിയിൽനിന്ന് 28 കിലോമീറ്റർ ദൂരമുണ്ട് ആൾത്താമസം നന്നേ കുറഞ്ഞ ഈ പ്രദേശത്തേക്ക്.
ശബരിമലയ്ക്കു പോകാൻ മാലയിട്ടതിനാൽ സസ്യഭക്ഷണം നൽകി സഹായിക്കണമെന്നും വിപിൻ സ്വാമി എന്നു പരിചയപ്പെടുത്തിയ റാണയുടെ കൂടെയുണ്ടായിരുന്നവർ പറഞ്ഞതായി നല്ലികൗണ്ടനൂരിലെ രാസമ്മയും ഭർത്താവ് സെന്നിയപ്പ കൗണ്ടറും പറയുന്നു. അവരുടെ വീടിനോടു ചേർന്ന ഷെഡിലെ ഒറ്റമുറിയിൽ റാണയും നവാസ് എന്നു പരിചയപ്പെടുത്തിയയാളും 9നു രാവിലെ താമസം തുടങ്ങി. അന്നു പുലർച്ചെ റാണ ഉൾപ്പെടെ 5 പേരാണു കാറിൽ ഇവരുടെ വീട്ടിലെത്തിയത്. 3 പേർ മടങ്ങി.
കരിങ്കൽക്വാറി നടത്തുന്ന പെരുമ്പാവൂർ സ്വദേശിയും ജോലിക്കാരും വാടകയ്ക്കു താമസിക്കുന്ന ഷെഡിലാണ് റാണ താമസിച്ച മുറി. ഒരാഴ്ചയായി ക്വാറി പ്രവർത്തിക്കാത്തതിനാൽ, 2 പേരൊഴികെ ബാക്കി തൊഴിലാളികൾ നാട്ടിൽ പോയിരുന്നു. തൊഴിലാളിയായ ഷജിന്റെ സുഹൃത്തിന്റെ സുഹൃത്ത് മുഖേനയാണ് റാണ ഇവിടെ എത്തിയതെന്ന് ഇവർ പറയുന്നു. എന്നാൽ, ആ ഒളിവിടം ‘സേഫ് ആൻഡ് സ്ട്രോങ്’ ആയില്ല.
‘നല്ല മനുഷ്യനാണ്, സഹായിക്കണമെന്ന് ഒരു അഭിഭാഷകനും ഫോണിൽ അറിയിച്ചു. പക്ഷേ, ഇങ്ങനെയൊരു ഏടാകൂടമാണു വരുന്നതെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല’ – ഷജിൻ പറഞ്ഞു.
‘വ്രതമാണെന്നു പറഞ്ഞതിനാൽ 3 നേരവും അതനുസരിച്ചു ഭക്ഷണം തയാറാക്കി നൽകി. മിക്ക നേരവും മുറിയിൽത്തന്നെയായിരുന്നു. ഇടനേരത്തു ബൈക്കെടുത്തു പരിസരത്തെ ഊടുവഴികളിലൂടെ കറങ്ങും. ക്വാറിക്കടുത്തു പോകും. വൈകിട്ട് തൊട്ടടുത്ത കോവിലിൽ തൊഴാനും പോയിരുന്നു’ – താമസക്കാരായ തൊഴിലാളികൾ പറഞ്ഞു.
പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിൽ, പ്ലാസ്റ്റിക് പായ, അടുപ്പ്, മണ്ണെണ്ണ സ്റ്റൗ, ചില സൗന്ദര്യവർധക വസ്തുക്കൾ എന്നിവയാണ് പ്രധാനമായി മുറിയിലുണ്ടായിരുന്നത്.
11നു 3 മണിയോടെ റാണയെത്തേടി പൊലീസ് സംഘമെത്തി. നായ്ക്കളെ അഴിച്ചുവിട്ട് എതിർക്കാൻ ശ്രമിച്ച റാണയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്നാണു പൊലീസ് അറിയിച്ചതെങ്കിലും അറസ്റ്റ് സമയത്തു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ഇവിടത്തുകാർ പറയുന്നു.
Content Highlights: Praveen Rana, Safe And Strong scam