ബ്രഹ്മപുരത്തെ പുക, പത്തനാപുരത്തെ തീ
Mail This Article
ബ്രഹ്മപുരം വമിപ്പിക്കുന്ന പുകയുടെ പേരിൽ പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ വിരസമായ സഭാതലത്തിൽ തീയും പുകയും ഉയർത്തിയതു കെ.ബി.ഗണേഷ് കുമാറാണ്. എൽഡിഎഫിന്റെ ഭാഗമായ ഗണേഷ്കുമാർ സർക്കാരിനെ വിമർശിക്കുമ്പോൾ പലർക്കും എന്തോ കിട്ടാത്തതിന്റെ കേടാണെന്നു തോന്നും. അതു ഗണേഷും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ആമുഖമായി അദ്ദേഹം നയം വ്യക്തമാക്കി. താൻ സർക്കാരിനെ വിമർശിക്കുകയല്ല, വ്യവസ്ഥിതിക്കെതിരെ പോരാടുകയാണ്!
ആരോഗ്യവകുപ്പ് ധനാഭ്യർഥന ചർച്ചയിൽ ഡോക്ടർമാരിലെ ഒരു വിഭാഗത്തിന്റെ കൊള്ളരുതായ്മകളുടെ പേരിലാണു ഗണേഷ് രോഷം കൊണ്ടത്. ആ ഡോക്ടർമാരുടെ മന്ത്രിയായ വീണാ ജോർജ് തനിക്ക് അനുജത്തിയെ പോലെയാണെന്ന് ആമുഖമായി പറഞ്ഞു വയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം വയറു തുന്നിക്കെട്ടുക പോലും ചെയ്യാതെ പഴുപ്പും വേദനയുമായി ജീവിക്കുന്ന പത്തനാപുരത്തുകാരിയുടെ ദുഃഖം ഗണേഷ് അവതരിപ്പിച്ചതു കേൾവിക്കാരുടെ മനസ്സിനെ നോവിച്ചു. അവരുടെ രോഗാവസ്ഥ വ്യക്തമാക്കുന്ന വിഡിയോയും ഉയർത്തിക്കാട്ടി.
ഡോക്ടർമാരിൽ ഒരു വലിയ വിഭാഗം വാക്കു കൊണ്ടു തന്നെ രോഗം മാറ്റുന്നവരാണ്. പക്ഷേ ഒരു ചെറിയ വിഭാഗം തല്ലു കിട്ടേണ്ടവരെന്നു തന്നെയെന്നു ഗണേഷ് ആത്മരോഷം കൊണ്ടപ്പോൾ ഭൂരിഭാഗവും അങ്ങനെയല്ലെന്ന് ഒന്നു കൂടി ഓർമിപ്പിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ മറന്നില്ല. പുറത്തു പോയിരുന്ന സ്പീക്കർ ആത്മസുഹൃത്തിന്റെ പ്രസംഗം കേൾക്കാൻ കൃത്യം ആ സമയത്തു തന്നെ വന്നതു പോലെ തോന്നി. സമയ പരിധിയുടെ കാര്യത്തിലും അൽപം കണ്ണടച്ചു. വകുപ്പിന്റെ നേട്ടങ്ങൾ മറുപടിയിൽ വിശദീകരിച്ച മന്ത്രി വീണ, ഗണേഷ് ഉന്നയിച്ച കാര്യങ്ങളിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് സഭയെ കൂടി അറിയിക്കണമെന്നായി അപ്പോൾ സ്പീക്കർ; ഉറപ്പു നൽകി മന്ത്രിയും.
വിഷയം ആരോഗ്യം ആയതിനാൽ ചർച്ച തുടങ്ങിവച്ചതു ഡോക്ടറായ സുജിത് വിജയൻ പിള്ളയാണ്. തന്റെ സഹപ്രവർത്തകർ കയ്യേറ്റങ്ങൾക്കു വിധേയരാകുന്നതിൽ അദ്ദേഹം ശക്തമായ പ്രതിഷേധത്തിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ കേട്ടിരിക്കാൻ ആരോഗ്യം ഇല്ലാത്ത വിഷാദരോഗികളായതു കൊണ്ടാണു പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നാണു പി.മമ്മിക്കുട്ടിയുടെ നിഗമനം. പ്രതിപക്ഷത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്താനായി കൂടുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുറക്കണമെന്ന അഭിപ്രായമാണു മുരളി പെരുന്നെല്ലിക്ക്. ബ്രഹ്മപുരത്തെ തീയുടെ പേരിൽ സഭയിൽ പുകമറ സൃഷ്ടിക്കുന്നവരാണ് എം.വിജിനെ സംബന്ധിച്ചു പ്രതിപക്ഷം. സർക്കാരിനോ കോർപറേഷനോ എന്തെങ്കിലും തെറ്റു പറ്റിയതായി ബ്രഹ്മപുരത്തിന്റെ ജനപ്രതിനിധി കൂടിയായ പി.വി.ശ്രീനിജനു തോന്നുന്നില്ല.
കൊച്ചിയെ മൂടി നിൽക്കുന്ന പുകയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പറയാനുള്ളതാണ് എല്ലാവരും ഉറ്റു നോക്കിയതെങ്കിലും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനോടു പ്രതികരിക്കാനുള്ള ദൗത്യം മന്ത്രിമാരായ എം.ബി.രാജേഷിനും വീണാ ജോർജിനുമായി. കോർപറേഷനെയും മാലിന്യ സംസ്കരണ കരാറുകാരെയും ന്യായീകരിച്ച ഭരണപക്ഷ നിലപാടിനോടുള്ള ശക്തമായ അമർഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രേഖപ്പെടുത്തി. കത്തിക്കൽ തന്നെയാണ് അവിടെ നടന്നതെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതോടെ നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധവും കത്തിപ്പടർന്നു. ‘കൊച്ചിയെ കൊല്ലരുത്’ എന്ന വലിയ ബാനർ അധ്യക്ഷപീഠത്തെ മറയ്ക്കുന്ന തരത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഉയർത്തിയതു സ്പീക്കറെ അസ്വസ്ഥനാക്കി. ‘കടുത്ത നടപടികൾ വേണ്ടി വരും’ എന്ന മുന്നറിയിപ്പ് ഇടയ്ക്കു നൽകാനും അദ്ദേഹം മുതിർന്നു.
ഇന്നത്തെ വാചകം
‘രോഗം ഒരു നിസ്സഹായത മനുഷ്യരിൽ സൃഷ്ടിക്കും. അതു മുതലെടുക്കാൻ ആരോഗ്യവകുപ്പിലെ ആരു ശ്രമിച്ചാലും അതു വകവച്ചു കൊടുക്കുകയോ അംഗീകരിക്കുകയോ ഇല്ല’. – മന്ത്രി വീണാ ജോർജ്.
Content Highlights: Kerala Assembly, Naduthalam, KB Ganesh Kumar, LDF, Kerala Government, Government of Kerala