ADVERTISEMENT

തിരുവനന്തപുരം ∙ സ്പീക്കർ എ.എൻ.ഷംസീറിനെ പരിഹാസപാത്രമാക്കിയും പ്രതിപക്ഷത്തിന്റെ ശത്രു ആക്കിയും നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രി നടത്തുന്ന കുടുംബ അജൻഡയാണ് സഭയിൽ അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 

മരുമകൻ പി.എ.മുഹമ്മദ് റിയാസിനു വേണ്ടി പിആർ പണി ചെയ്തിട്ടും സ്പീക്കറിനൊപ്പം മന്ത്രി എത്തുന്നില്ലെന്ന ആധിയാണ് മുഖ്യമന്ത്രിക്ക്. മന്ത്രി എന്ന നിലയിൽ കടലാസ് മേശപ്പുറത്തു വയ്ക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിനു പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി ആണെന്ന് ആക്ഷേപിക്കാൻ മന്ത്രി റിയാസ് മുതിർന്നു. ‘മാനേജ്മെന്റ് ക്വോട്ടയിൽ’ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്ത് അവകാശമാണുള്ളത്? സതീശൻ ചോദിച്ചു. 

മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളിലൊന്നിലും റൂൾ 50 നോട്ടിസ് അനുവദനീയമല്ല. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടക്കുമെന്നത് ധിക്കാരമാണ്. പാർലമെന്റിൽ മോദിയുടെ അതേ രീതിയാണ് നിയമസഭയിലും. അവകാശങ്ങൾ അനുവദിച്ചു കിട്ടുംവരെ പ്രതിഷേധവുമായി മുന്നോട്ടുപോകും. ഇക്കാര്യത്തിൽ തീരുമാനം ആകാതെ ഒന്നുമായും സഹകരിക്കില്ല. ഡമോക്ലീസിന്റെ വാൾ പോലെ ചില കാര്യങ്ങൾ മുഖ്യമന്ത്രിയുടെ തലയ്ക്കു മുകളിലുണ്ട്. അതുകൊണ്ട് എത്രയും വേഗം നിയമസഭ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിച്ചു രക്ഷപ്പെടാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 

ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരി ക്രൂരമായി ആക്രമിക്കപ്പെട്ട വിഷയം നിയമസഭയിലല്ലാതെ മറ്റ് എവിടെയാണ് പ്രതിപക്ഷം പറയേണ്ടത്? ഇതെന്താ കൗരവസഭയാണോ? എൽഡിഎഫ് എംഎൽഎമാരായ എച്ച്.സലാമും സച്ചിൻദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എംഎൽഎമാരെ മർദിച്ചു. ഈ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും എതിരെ നടപടി എടുക്കണം. ഭരണപക്ഷം ഭീരുക്കളെപ്പോലെയാണ് പെരുമാറുന്നത്, സതീശൻ ആരോപിച്ചു.

English Summary: VD Satheesan's criticism against Speaker AN Shamseer and Minister PA Mohammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com