ADVERTISEMENT

ജലയാത്രയിൽ എപ്പോൾ വേണമെങ്കിലും അപകടത്തിനു സാധ്യതയുണ്ട്. അതു തിരിച്ചറിഞ്ഞാണു നിയമങ്ങളും ബോട്ടുകളുടെ നിർമാണ മാനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചാലും ചിലപ്പോൾ അപകടമുണ്ടാകാം. പക്ഷേ, നടക്കുന്ന ബോട്ടപകടങ്ങളിൽ ഭൂരിഭാഗവും നമുക്ക് ഒഴിവാക്കാവുന്നതാണ്.

ഓരോ ബോട്ടിന്റെയും ക്ലാസിഫിക്കേഷൻ അനുസരിച്ച് എത്രപേരെ കയറ്റാമെന്നു നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണ്. എത്രപേർ ബോട്ടിലുണ്ടെന്നു ജീവനക്കാർക്കുപോലും അറിയാൻ കഴിയാത്ത തരത്തിലാണു താനൂരിൽ അപകടത്തിൽപെട്ട ബോട്ടിൽ ആളുകളെ കയറ്റിയിരുന്നതെന്നാണു മനസ്സിലാക്കുന്നത്. 

വെള്ളത്തിൽ കിടക്കുന്ന ബോട്ടിന്റെ സമതുലിതാവസ്ഥയും ഘടനാപരമായ ഉറപ്പും അതിൽ കയറുന്നവരുടെ എണ്ണം, തൂക്കം, വിവിധ ഭാഗങ്ങളിലേക്കുള്ള ഭാരത്തിന്റെ വിതരണം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. കൂടുതൽപേർ ബോട്ടിൽ കയറുമ്പോൾ ഇക്കാര്യങ്ങളെല്ലാം തെറ്റും; ബോട്ട് മറിയും. ബോട്ടിൽ കയറുമ്പോൾ ആളുകൾ കൂടുതലാണെങ്കിൽ നമ്മൾ സ്വയം നിയന്ത്രിക്കണം. യാത്രാബോട്ടുകളുടെ ലൈസൻസ്, ഫിറ്റ്നസ് പരിശോധനകൾക്കു സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ അതു കൃത്യമായി നിർവഹിക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണം. 

ഓരോ തരത്തിലുള്ള ബോട്ടുകളുടെയും ഘടന നേവൽ ആർക്കിടെക്ടുമാർ കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചു രൂപപ്പെടുത്തിയതാണ്. മീൻപിടിത്ത ബോട്ടുകളുടെ ഘടന യാത്രാബോട്ടുകൾക്ക് അനുയോജ്യമല്ല. കൂടുതൽ ആളുകളെ അതിൽ ഉൾക്കൊള്ളാനാകില്ല. അടിഭാഗത്തു മീൻ സൂക്ഷിക്കാനും മറ്റുമുള്ള സൗകര്യങ്ങളുള്ള രീതിയിലാണ് ഇത്തരം ബോട്ടുകളിൽ ഭാരത്തിന്റെ വിതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിൽ രൂപമാറ്റം വരുത്തി കൂട്ടിച്ചേർക്കൽ നടത്തുമ്പോൾ ബോട്ടിന്റെ ഉറപ്പു നഷ്ടപ്പെടും. ബോട്ടുകളിൽ പരിശീലനം നേടിയ ജീവനക്കാർ ആവശ്യത്തിനുണ്ടാകണം. അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകാനും രക്ഷാപ്രവർത്തനം നടത്താനും മറ്റും അവർ പരിശീലനം നേടിയിരിക്കണം. 

താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് പൂരപ്പുഴയിൽ ബോട്ട് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു.  ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് പൂരപ്പുഴയിൽ ബോട്ട് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു. ചിത്രം : മനോരമ

നിർദേശങ്ങൾ

∙ ജലയാത്രയിൽ അപകടസാധ്യതയേറെയാണ്. അതിനാൽ നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. അതു പാലിക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണം. നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തണം.

∙ ലൈഫ് ബോയ്കളും ജാക്കറ്റുകളും ഉൾപ്പെടെ ആവശ്യത്തിനു ജീവൻരക്ഷാ സംവിധാനങ്ങൾ ബോട്ടുകളിലുണ്ടാകണം. 

താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് ബോട്ട് അപകടം നടന്ന സ്ഥലത്തെത്തിയ ജനം. പരിയാപുരത്ത് നിന്നുള്ള ദൃശ്യം.  ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് ബോട്ട് അപകടം നടന്ന സ്ഥലത്തെത്തിയ ജനം. പരിയാപുരത്ത് നിന്നുള്ള ദൃശ്യം. ചിത്രം : മനോരമ

∙ ബോട്ടുകളിൽ കയറുമ്പോൾതന്നെ ജീവൻരക്ഷാ സംവിധാനങ്ങൾ ഇരിക്കുന്ന സ്ഥലം, കൈകാര്യം ചെയ്യേണ്ട വിധം, അപകടമുണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ചു യാത്രക്കാർക്കു നിർദേശങ്ങൾ നൽകണം.

∙ അനുവദനീയമായതിൽ അധികമായി ഒരാളെപ്പോലും ബോട്ടിൽ കയറ്റരുത്. 

(കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ചെയർമാനായ ലേഖകൻ ഉൾനാടൻ ജലാശയങ്ങളെക്കുറിച്ച് പഠിക്കാൻ 2008ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തലവനുമായിരുന്നു)

താനൂർ ബോട്ട് അപകടത്തിൽ മരിച്ച പരപ്പനങ്ങാടി പുത്തൻകടപ്പുറം വളവിലെ കുന്നുമ്മൽ വീട്ടിലെ 11 പേരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന വല്യുമ്മ റുഖിയയും മറ്റു ബന്ധുക്കളും.  ചിത്രം: മനോരമ
താനൂർ ബോട്ട് അപകടത്തിൽ മരിച്ച പരപ്പനങ്ങാടി പുത്തൻകടപ്പുറം വളവിലെ കുന്നുമ്മൽ വീട്ടിലെ 11 പേരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന വല്യുമ്മ റുഖിയയും മറ്റു ബന്ധുക്കളും. ചിത്രം: മനോരമ

Content Highlights: Tanur boat tragedy, Boat accident, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com