പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം: സർക്കാർ പഠനം നടത്തണമെന്ന് കോടതി
Mail This Article
കൊച്ചി ∙ ഇന്റർനെറ്റിന്റെ മുന്നിലിരിക്കുന്ന കുട്ടികൾക്കു വഴികാട്ടാൻ മാർഗനിർദേശങ്ങളില്ലെന്നും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം കോളജുകളിലും സ്കൂളുകളിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ സമിതിയെ നിയോഗിച്ചു പഠനം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്നു ഗർഭിണിയായ പതിനഞ്ചുകാരിയുടെ 7 മാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പിതാവ് നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിച്ചാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശം നൽകിയത്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് അഭിപ്രായപ്പെട്ട കോടതി മാതാപിതാക്കളുടെയും അതിജീവിതയായ പെൺകുട്ടിയുടെയും വിഷമാവസ്ഥ സങ്കൽപ്പിക്കുന്നതിനും അപ്പുറത്താണെന്നു പറഞ്ഞു. കോടതിയുടെ അനുമതിയെ തുടർന്ന് ജീവനോടെ പുറത്തെടുത്ത കുഞ്ഞിനെ നേരത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറിയിരുന്നു. പ്രായപൂർത്തിയാകാത്ത ഈ കുട്ടികളുടെ പിതാവ് കണ്ണീരോടെയാകും ഹർജിയിൽ ഒപ്പിട്ടതെന്നു കോടതി പറഞ്ഞു.
ഹർജിക്കാരനെയും ഭാര്യയെയും ഭാവിയിലും അലട്ടുന്ന ദുരന്ത സാഹചര്യമാണുണ്ടായത്. ഈ ദുരവസ്ഥയിൽ നിന്നു കരകയറാൻ ഈ മാതാപിതാക്കളെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ആർക്കും മാതാപിതാക്കളെ കുറ്റം പറയാനാവില്ല. സമൂഹമാണ് ഇതിന് ഉത്തരവാദി. സുരക്ഷിതമായ കുടുംബാന്തരീക്ഷം ഉണ്ടാകാത്തതും ലൈംഗികമായ അറിവില്ലായ്മയുമാണു പ്രശ്നം.
കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കോളജിലും സ്കൂളുകളിലും നൽകേണ്ട ആവശ്യകതയെക്കുറിച്ചു സർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർനടപടികൾക്കായി ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്കു കൈമാറാൻ ഹൈക്കോടതി റജിസ്ട്രിക്കു നിർദേശം നൽകി.
English Summary: Government must study regarding including sex education in school curriculum says high court