പിണറായി സർക്കാരിന്റെ കാലത്തെ 3 ചുരുക്കപ്പട്ടികയിലെയും ആദ്യ പേരുകാർക്ക് പദവിനഷ്ടം
തിരുവനന്തപുരം ∙ പൊലീസ് മേധാവിയുടെ ചുരുക്കപ്പട്ടികയിലെ ആദ്യപേരുകാരനു വീണ്ടും പദവിനഷ്ടം. സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കേണ്ട 3 പേരുടെ ചുരുക്കപ്പട്ടിക യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) നൽകിയപ്പോൾ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കെ.പദ്മകുമാറിന്റേതായിരുന്നു ആദ്യപേര്. 1990 ബാച്ചിലെ ഷെയ്ഖ് ദർവേഷ് സാഹിബ് രണ്ടാമതും കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഹരിനാഥ് മിശ്ര മൂന്നാമതും. ഇതിൽ ആരെ വേണമെങ്കിലും സംസ്ഥാന സർക്കാരിനു നിയമിക്കാം.
ഒന്നാമനായ പദ്മകുമാറിനെ ഒഴിവാക്കി ദർവേഷ് സാഹിബിനെ നിയമിച്ചു. പദ്മകുമാർ യുഡിഎഫ് സർക്കാരിന്റെ കാലത്തു സേനയിൽ സുപ്രധാന പദവി വഹിച്ചിരുന്നതിനാൽ അദ്ദേഹത്തെ പൊലീസ് തലപ്പത്തു കൊണ്ടുവരുന്നതിനോടു പാർട്ടിയിൽ ഒരു വിഭാഗത്തിനു യോജിപ്പില്ലായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഇദ്ദേഹത്തെ പൊലീസ് സേനയ്ക്കു പുറത്തുള്ള പദവികളിലാണു നിയോഗിച്ചിരുന്നത്. രണ്ടാം പിണറായി സർക്കാർ വന്നപ്പോഴും ആദ്യം അതിൽ മാറ്റമുണ്ടായില്ല.
പിന്നീട് പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി വന്നതിനു പിന്നാലെയാണു ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എന്ന പ്രധാനപദവിയിൽ പദ്മകുമാർ എത്തിയത്. 2025 ഏപ്രിൽ വരെ പദ്മകുമാറിനു സർവീസുണ്ട്. പൊലീസ് മേധാവി ആയതിനാൽ, 2024 ജൂലൈയിൽ വിരമിക്കേണ്ട ദർവേഷ് സാഹിബിന് 2025 ജൂൺ 30 വരെ തുടരാം.
ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സീനിയറായ ടി.പി.സെൻകുമാറിനെ മറികടന്നാണു ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയത്. അതിനെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം പൊലീസ് മേധാവിയായി. അന്നു ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയോഗിച്ചാണ് സർക്കാർ സെൻകുമാറിന്റെ നീക്കങ്ങളെ നിയന്ത്രിച്ചത്. നളിനി നെറ്റോ ആയിരുന്നു ആഭ്യന്തര സെക്രട്ടറി.
ബെഹ്റ വിരമിച്ചപ്പോൾ 1987 ബാച്ചിലെ തച്ചങ്കരിയുടെ അടക്കം പേരുകളാണു സർക്കാർ കേന്ദ്രത്തിനു നൽകിയത്. അതേ ബാച്ചിലെ സുധേഷ് കുമാറും 1988 ബാച്ചിലെ ബി.സന്ധ്യയും അനിൽകാന്തും ആ പട്ടികയിൽ ഉണ്ടായിരുന്നു. തച്ചങ്കരിയും സുധേഷും കൊമ്പുകോർത്തതോടെ യുപിഎസ്‌സിക്ക് ഇവരെക്കുറിച്ച് പരാതികൾ ലഭിച്ചു. ഒടുവിൽ 3 അംഗ ചുരുക്കപ്പട്ടിക വന്നപ്പോൾ തച്ചങ്കരി പുറത്തായി. എങ്കിൽ സുധേഷും വേണ്ടെന്നായി സർക്കാർ നിലപാട്. ബി.സന്ധ്യ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്ന പ്രചാരണവും പാഴായി. പട്ടികയിൽ മൂന്നാമനായ അനിൽകാന്ത് പൊലീസ് മേധാവിയായി.
English Summary: First person in kerala police chief list out for the third time during Pinarayi Vijayan government