നടൻ ഷൈൻ ടോം പ്രതിയായ കേസിലെ വിസ്താരം തുടരന്വേഷണത്തിനു ശേഷം
Mail This Article
കൊച്ചി ∙ നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിമരുന്നു കേസിൽ സാക്ഷി വിസ്താരം വീണ്ടും ആരംഭിക്കുന്നതു തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രവും സമർപ്പിച്ച ശേഷം. ലഹരിമരുന്നു കേസുകളുടെ അന്വേഷണത്തിൽ പൊലീസിനു പതിവായി സംഭവിക്കുന്ന വീഴ്ചകൾ ഈ കേസിലും സംഭവിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ തുടരന്വേഷണത്തിനു കോടതിയുടെ അനുവാദം വാങ്ങിയതും പുതിയ സാക്ഷിമൊഴികൾ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും.
കേസിലെ മുഖ്യ പ്രതികളായ ഷൈൻ ടോം ചാക്കോ, രേഷ്‌മ രംഗസ്വാമി, ബ്ലെസി സിൽവസ്‌റ്റർ, സ്‌നേഹ ബാബു, ടിൻസി ബാബു എന്നിവരുടെ പക്കൽ നിന്നു കണ്ടെത്തിയ ലഹരിമരുന്നു സാംപിളിന്റെ ചിത്രങ്ങൾ യുവതികളുടെ ഫോണുകളിലുണ്ടായിരുന്നു. അറസ്റ്റിലാകുന്നതിന്റെ തലേദിവസമാണ് ഇതിന്റെ ചിത്രം പ്രതികളായ യുവതികൾ മൊബൈൽ ഫോണിൽ പകർത്തിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചതു തുടരന്വേഷണത്തിലാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ്ഐ ഷാജിയാണു പ്രതികളുടെ പക്കൽ ലഹരിമരുന്നു കണ്ടെത്തിയത്.
പൊലീസ് എത്തിയപ്പോൾ ലഹരിമരുന്നു ക്ലോസറ്റിലിട്ടു ഫ്ലെഷ് ചെയ്യാൻ പ്രതികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ പൊലീസ് എത്തുന്നതിനു തൊട്ടുമുൻപ് അവരുടെ മുറിയിലുണ്ടായിരുന്ന വലുപ്പം കൂടിയ ലഹരിമരുന്നു പൊതി പ്രതികളിലൊരാൾ പുറത്തേക്കു കടത്തിയതായി വിവരം ലഭിച്ചെങ്കിലും അതു കണ്ടെത്തി കസ്റ്റഡിയിലെടുക്കാൻ പൊലീസിനു കഴിഞ്ഞില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം സാക്ഷി വിസ്താരം പുനരാരംഭിച്ച അഡീ.സെഷൻസ് ജഡ്ജി കെ.സനിൽകുമാർ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയെയാണു വിസ്തരിക്കുന്നത്. പ്രോസിക്യൂഷൻ വിസ്താരം ജൂലൈ 10നു തുടരും. ആഫ്രിക്ക സ്വദേശി ഒക്കാവ കോളിൻസ്, ചെന്നൈയിലെ താമസക്കാരായ പൃഥ്വിരാജ്, ജസ്ബീർസിങ് എന്നിവരാണു കേസിലെ മറ്റു പ്രതികൾ.
English Summary: Trial in case involving actor Shine Tom Chacko after reinvestigation