ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫിന് ക്ഷണിച്ചു; സമ്മതമറിയിച്ച് ഗവർണർ
Mail This Article
തിരുവനന്തപുരം∙ ഓണാഘോഷ പരിപാടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചു. കഴിഞ്ഞ വർഷം ഗവർണറെ ക്ഷണിക്കാത്തതു വിവാദമായ സാഹചര്യത്തിൽ ഇത്തവണ ക്ഷണം വൈകിയതു വാർത്തയായിരുന്നു. ഇന്നലെ ഉച്ചയോടെ മന്ത്രിമാരായ വി.ശിവൻകുട്ടിയും പി.എ.മുഹമ്മദ് റിയാസും രാജ്ഭവനിൽ എത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
സെപ്റ്റംബർ രണ്ടിന് ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തണം എന്ന് അവർ ഗവർണറോട് അഭ്യർഥിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എല്ലാ വർഷവും ഗവർണറാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. കഴിഞ്ഞ വർഷം മാത്രമാണ് അതു മുടങ്ങിയത്. ഗവർണർക്കു മന്ത്രിമാർ ഓണക്കോടിയും സമ്മാനിച്ചു. ജുബയും മുണ്ടും നേര്യതും ചുവന്ന പെട്ടിയിലാക്കിയാണ് സമ്മാനിച്ചത്.
സാധാരണ, ടൂറിസം മന്ത്രിമാരാണ് ഓണം വാരാഘോഷത്തിനു ഗവർണറെ ക്ഷണിക്കുക. ഗവർണറെ കാണാൻ 12.30നു സമയം ചോദിച്ചതു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു. എന്നാൽ ഒപ്പം മന്ത്രി ശിവൻകുട്ടിയുമെത്തി.
26നു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രമുഖർക്കായി മുഖ്യമന്ത്രി ഒരുക്കുന്ന ഓണസദ്യയിലേക്ക് ഗവർണറെ ക്ഷണിച്ചതായി സൂചനയില്ല. മുഖ്യമന്ത്രിമാർ നടത്തുന്ന ഇഫ്താർ സംഗമം പോലുള്ള വിരുന്നുകളിൽ ഗവർണർമാർ പങ്കെടുക്കാറില്ല. ഈ സാഹചര്യത്തിൽ ഓണ സദ്യയ്ക്കു ക്ഷണിച്ചില്ലെങ്കിലും കീഴ്‌വഴക്ക ലംഘനമില്ല. 26നു ഗവർണർക്കു തൃക്കാക്കര മണ്ഡലത്തിലെ ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം തിരുവനന്തപുരത്തില്ല. 26ന് ഓണസദ്യ നടത്തുന്ന കാര്യം രാജ്ഭവനെ രേഖാമൂലം സർക്കാർ അറിയിച്ചിട്ടുണ്ട്.
English Summary : Kerala Government invited Governor Arif Muhammad Khan to the Onam celebrations