ADVERTISEMENT

ആലപ്പുഴ ∙ കുട്ടനാട്ടിൽ സിപിഎം വിട്ട 222 പേർക്ക് അംഗത്വം നൽകാൻ സിപിഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റെ സാന്നിധ്യത്തിൽ നടന്ന മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിന് ഇന്നു ചേരുന്ന ജില്ലാ കൗൺസിൽ യോഗം അംഗീകാരം നൽകും. 

2 ഏരിയ കമ്മിറ്റി അംഗങ്ങളും 19 ലോക്കൽ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തകരാണ്, സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയതയെത്തുടർന്നു സിപിഐയിൽ ചേരുന്നത്. മേഖലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭൂരിപക്ഷം അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. പഞ്ചായത്ത് ഭരണം പാർട്ടിക്കു നഷ്ടമാകാതിരിക്കാൻ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനനിമിഷവും തുടരുകയാണ്. 

കുട്ടനാട്ടിൽ ഒരാൾ പോലും സിപിഎം വിട്ടു മറ്റു പാർട്ടിയിൽ ചേരുന്നില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവനയിറക്കിയതിന്റെ പിറ്റേ ദിവസമാണു സിപിഎം പ്രവർത്തകർക്ക് അംഗത്വം നൽകാനുള്ള സിപിഐയുടെ തീരുമാനം. 222 പേരാണു സിപിഐയിൽ ചേരാൻ അപേക്ഷ നൽകിയിരുന്നത്. ഇതിൽ സിപിഎം അംഗത്വമുണ്ടായിരുന്ന 166 പേർക്കു പാർട്ടി അംഗത്വം നൽകാനും സിപിഎം അനുഭാവികളായിരുന്ന 56 പേർക്കു കാൻഡിഡേറ്റ് അംഗത്വം നൽകാനുമാണ് തീരുമാനം. കാൻഡിഡേറ്റ് അംഗങ്ങൾക്ക് 6 മാസത്തിനു ശേഷം പൂർണ അംഗത്വം ലഭിക്കും. 

സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയിലെ 2 അംഗങ്ങൾക്കും 19 ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും പുറമേ പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റി അംഗം മുതൽ ഏരിയ ഭാരവാഹികൾ വരെ പാർട്ടി വിട്ടവരിലുണ്ട്. ഇവരെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വത്തിലുള്ളവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിപിഎം ബ്രാ‍ഞ്ച് സമ്മേളനം മുതൽ തുടരുന്ന വിഭാഗീയതയാണ് അംഗങ്ങളുടെ കൂട്ടരാജിയിലേക്കു നയിച്ചത്. വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ഒന്നര വർഷത്തിനിടെ പലവട്ടം പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ നേതൃത്വം തയാറാവാത്തതാണു പാർട്ടി വിടാൻ കാരണമെന്ന് അംഗങ്ങൾ പറയുന്നു. കൂടുതൽ പേർ വരുംദിവസങ്ങളിൽ പാർട്ടി വിടുമെന്നും ഇവർ പറഞ്ഞു. 

സിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. 

English Summary: Cpi to give membership to former cpm members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com